രേണുക വേണു|
Last Modified ചൊവ്വ, 11 ജനുവരി 2022 (08:27 IST)
നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട കലാകാരനാണ് ബാലചന്ദ്ര മേനോന്‍. 1997 ല്‍ ബാലചന്ദ്ര മേനോന്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. സുരേഷ് ഗോപിക്കൊപ്പമാണ് ആ വര്‍ഷം ബാലചന്ദ്ര മേനോന്‍ അവാര്‍ഡ് പങ്കിട്ടത്. സുരേഷ് ഗോപിക്ക് കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനും ബാലചന്ദ്ര മേനോന് സമാന്തരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനുമായിരുന്നു അവാര്‍ഡ്. എന്നാല്‍, അവാര്‍ഡ് ദാന വേളയില്‍ തനിക്കുണ്ടായ വിഷമത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍ പലവട്ടം തുറന്നുപറഞ്ഞിട്ടുണ്ട്. സീനിയോറിറ്റി നോക്കി ആണെങ്കിലും അക്ഷരമാല ക്രമത്തില്‍ ആണെങ്കിലും താനാണ് മികച്ച നടനുള്ള അവാര്‍ഡ് ആദ്യം വാങ്ങേണ്ടിയിരുന്നതെന്നും എന്നാല്‍ പുരസ്‌കാര വിതരണ വേളയില്‍ സുരേഷ് ഗോപിയുടെ പേര് ആദ്യം വിളിച്ചത് വലിയ വിഷമമായെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.
ഇതേകുറിച്ച് ബാലചന്ദ്ര മേനോന്‍ പറഞ്ഞത് ഇങ്ങനെ:
1997 ല്‍ ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് വേണ്ടി ഞാനും കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടി എന്റെ സുഹൃത്ത് സുരേഷ് ഗോപിയുമാണ് പങ്കിട്ടത്. ഇങ്ങനെ വരുമ്പോള്‍ ആര് ആദ്യം രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങണം എന്നൊരു സംശയം ന്യായമായും ഉണ്ടാവാം. അതിനായി സര്‍ക്കാര്‍ രണ്ടു പരിഗണനകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് 'സീനിയോറിറ്റി' അല്ലെങ്കില്‍, അക്ഷരമാലാ ക്രമത്തില്‍ ആരുടെ പേരാണ് ആദ്യം വരിക. രണ്ടായാലും അര്‍ഹത എനിക്ക് തന്നെ.
എന്നാല്‍ അവാര്‍ഡിന് തലേദിവസത്തെ റിഹേഴ്സല്‍ സമയത്തു നല്ല നടന്റെ പേര് സംഘാടകര്‍ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. എനിക്ക് പെട്ടന്ന് വിഷമം തോന്നി. (ഫെസ്റ്റിവല്‍ ഡയറക്ടര്‍ മാലതി സഹായിയും ശങ്കര്‍ മോഹനുമായിരുന്നു ചുമതലക്കാര്‍). അവകാശങ്ങള്‍ക്കു വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തണമെന്നും പരസ്യമായി പൊരുതണം എന്നും ഉപദേശം തരാന്‍ പതിവുപോലെ അന്നും 'കുറേപ്പേര്‍' ഉണ്ടായിരുന്നു.
എന്നാല്‍ ഒരു നിമിഷം ഞാന്‍ ഒന്നാലോചിച്ചു. സുരേഷ് ഗോപിയുടെ പേര് വിളിക്കുമ്പോള്‍ ഞാന്‍ ചെന്ന് അധികൃതരുടെ ചെവിയില്‍ കുശുകുശുത്താല്‍, ആ 'കുശുകുശുപ്പിന്റെ; ' ഉള്ളടക്കം അറിഞ്ഞാല്‍ അടുത്ത ദിവസത്തെ പത്രത്തില്‍ വരുന്ന വൃത്തികെട്ട വാര്‍ത്ത ആ മനോഹരമായ മുഹൂര്‍ത്തത്തിന്റെ ശോഭ കെടുത്തും. അത് കലാകേരളത്തിന്റെ ചാരുത ഇല്ലാതാക്കും അതുകൊണ്ടാണ് എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാന്‍' ട്രേഡ് യൂണിയനിസം' കളിക്കാതിരുന്നത്. സുരേഷ് ഗോപി തന്നെ ആദ്യം അവാര്‍ഡു വാങ്ങുകയും ചെയ്തു. ഞാന്‍ പിന്നീട് സുരേഷിനെ ഫോണില്‍ വിളിച്ചു രണ്ടു പേര്‍ ബഹുമതി പങ്കിടുമ്പോള്‍ ഉള്ള നിബന്ധനകള്‍ സൂചിപ്പിക്കുകയും ചെയ്തു.
അവിടം കൊണ്ടും തീര്‍ന്നില്ല. കേന്ദ്രത്തില്‍ ഏറ്റവും നല്ല നടനായ ഞാന്‍ കേരളത്തില്‍ വന്നപ്പോള്‍ നല്ല നടനല്ലാതായി. ആ ആഴ്ച പുറത്തിറങ്ങിയ ഇന്ത്യ ടുഡേ 'ഇന്ത്യയിലെ നല്ല നടന്‍' എന്ന കവര്‍ ചിത്രം പുറത്തിറക്കിയത് ഞാന്‍ ഇല്ലാതെയാണ്. കാരണം ഇന്നും അജ്ഞാതം. ആധുനിക പത്രപ്രവര്‍ത്തനാമാണമെന്നു ഞാന്‍ സമാധാനിച്ചു...