"എട്ട് മിനിട്ടിനുള്ളിൽ മരണം", അനിൽ മടങ്ങുന്നത് എസ്ഐ ഡിക്‌സൺ എന്ന കരുത്തുറ്റ പോലീസ് വേഷം പൂർത്തിയാകാതെ

തൊടുപുഴ| അഭിറാം മനോഹർ| Last Modified ശനി, 26 ഡിസം‌ബര്‍ 2020 (11:59 IST)
തൊടുപുഴ: അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. തൊടുപുഴയിലെ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ അപ്രതീക്ഷിതമായി മുങ്ങി മരിക്കുകയായിരുന്നു അനിൽ. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് താരം ഡാമിലെത്തിയത്.

വെള്ളിയാഴ്‌ച്ച വൈകീട്ട് അഞ്ച് മണിക്കാണ് ഇടുക്കി തൊടുപുഴയിലെ മലങ്കര ഡാമിൽ അനിൽ മുങ്ങിമരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അനിലിനെ വെള്ളത്തിൽ വീണ് എട്ടു മിനിറ്റുകൾക്കുള്ളിൽ തന്നെ പുറത്തെത്തിക്കാൻ കഴിഞ്ഞെങ്കിലും അപ്പോഴേക്കും മരണം അദ്ദേഹത്തെ കവർന്നിരുന്നു. ജോജു ജോർജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പീസ് എന്ന ഷൂട്ടിങ്ങിന് വേണ്ടിയായിരുന്നു അനിൽ തൊടുപുഴയിൽ എത്തിയത്.

സിനിമയിൽ എസ്ഐ ഡിക്‌സൺ എന്ന കരുത്തുറ്റ പോലീസ് ഓഫീസറുടെ മുഴുനീള വേഷമായിരുന്നു അനിൽ അവതരിപ്പിച്ചിരുന്നത്. 20 ദിവസത്തിലേറെയായി അനിലേട്ടൻ ഞങ്ങൾക്കൊപ്പമുണ്ട്. ഇടയ്‌ക്ക് അനുരാധ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ പോയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന് ഷൂട്ട് ഇല്ലാത്തതിനാൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പുറത്ത് പോയിരുന്നത്.അങ്ങനെയാണ് മരണം സംഭവിച്ചത്. സിനിമയുടെ സഹസംവിധായകനായ വിനയൻ പറഞ്ഞു.

സിനിമയുടെ 70 ശതമാനത്തോളം പൂർത്തിയായിരുന്നു. അനിലേട്ടന് നാലു ദിവ്സത്തെ ഷൂട്ട് കൂടി മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്നും വിനയൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :