നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 12 മെയ് 2021 (21:19 IST)
വ്യക്തി ജീവിതത്തിലെ വിവാദങ്ങളും പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയാക്കുന്നതില്‍ ഒട്ടും താല്‍പര്യമില്ലാത്ത വ്യക്തിയാണ് അമൃത സുരേഷ്. ബാലയുമായുള്ള ദാമ്പത്യ ബന്ധത്തില്‍ ഉലച്ചില്‍ വന്നപ്പോഴും മകളായിരുന്നു അമൃതയ്ക്ക് എല്ലാം. എന്നാല്‍, ഇത്തവണ ഇരുവര്‍ക്കുമിടയിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരിക്കുകയാണ്. മകളെ വിഷയത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ട് അമൃതയും വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. തനിക്കെതിരെ ബാല ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിവ് സഹിതം പൊളിച്ചിരിക്കുകയാണ് അമൃത.
അമൃതയ്ക്കൊപ്പമാണ് മകള്‍ അവന്തിക ഇപ്പോള്‍ ഉള്ളത്. മകള്‍ അവന്തികയെ ബാലയെ കാണിക്കാന്‍ അമൃത സമ്മതിക്കുന്നില്ല എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. മകളെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ബാല അമൃതയോട് ഫോണില്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും വൈറലായിരുന്നു. എന്നാല്‍, ഇതിനെതിരെ അമൃത രംഗത്തെത്തി. ഫോണ്‍ സംഭാഷണം ആരാണ് ലീക്ക് ചെയ്തതെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത നല്‍കിയതെന്നും ചോദിച്ചാണ് അമൃത ലൈവിലെത്തിയത്.
മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്നും അതുകൊണ്ട് മകളെ കാണണമെന്നും ബാല ആവശ്യപ്പെടുന്നതായുമാണ് ഓഡിയോയില്‍ ഉള്ളത്. ഇപ്പോള്‍ താന്‍ വീട്ടില്‍ ഇല്ല അതുകൊണ്ട് മകളെ വീഡിയോ കോളില്‍ കാണിക്കാന്‍ കഴിയില്ലെന്നും അമൃത ഈ ഓഡിയോയില്‍ പറയുന്നുണ്ട്. മകള്‍ അവന്തികയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് അമൃത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഒരു കുഞ്ഞിനെ കുറിച്ചാണ് ഇങ്ങനെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അമൃത പറഞ്ഞു.
എട്ട് വയസ്സുള്ളൊരു കുഞ്ഞുകുട്ടിക്ക് കൊവിഡാണെന്ന് പ്രചരിപ്പിക്കുന്നത് അമ്മയയെന്ന നിലയില്‍ എനിക്ക് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. കാര്യങ്ങള്‍ കണ്ടാലും വാര്‍ത്ത അറിഞ്ഞാലുമെല്ലാം അവള്‍ക്ക് മനസ്സിലാവും. ആരാണ് ഇത്തരത്തിലൊരു വാര്‍ത്ത തന്നത്, പ്രചരിച്ച ഓഡിയോ ക്ലിപ്പില്‍ എവിടെയാണ് അവന്തികയ്ക്ക് കൊവിഡ് എന്ന് പറയുന്നത്, ഈ സംഭാഷണ വീഡിയോ എങ്ങനെ ലഭിച്ചുവെന്നും അമൃത ചോദിക്കുന്നു. മകളെ വലിച്ചിഴച്ചതുകൊണ്ടാണ് വ്യക്തിജീവിതത്തിലെ ഒരു പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കാനും അമൃത തയ്യാറാകുന്നത്.
ഫോണ്‍ കോള്‍ സംഭാഷണം ലീക്ക് ചെയ്തയാള്‍ എന്തുകൊണ്ട് മുഴുവന്‍ സംഭാഷണവും ലീക്ക് ചെയ്തില്ലെന്ന് അമൃത ചോദിക്കുന്നു. കോവിഡ് പോസിറ്റീവായതിനാല്‍ ഞാന്‍ മകളുടെ അടുത്തുനിന്നും മാറി നില്‍ക്കുകയായിരുന്നു. ഇന്നലെ എന്റെ അവസാനത്തെ ടെസ്റ്റായിരുന്നു. റിസല്‍ട്ടിനായി നില്‍ക്കുന്നതിനിടയിലാണ് ബാല ചേട്ടന്‍ വിളിക്കുന്നത്. 3 മിനിറ്റായിരുന്നു ആദ്യ കോളിന്റെ ദൈര്‍ഘ്യം. ഞാന്‍ പുറത്താണെന്നും, അമ്മയെ വിളിച്ചാല്‍ അവന്തികയെ കിട്ടുമെന്നും അതല്ല ഞാനെത്തിയിട്ട് വിളിച്ചാല്‍ മതിയെങ്കില്‍ അങ്ങനെ ചെയ്യാമെന്നുമായിരുന്നു പറഞ്ഞത്. ബാല ചേട്ടന്‍ വിളിക്കുമെന്ന് ഞാന്‍ വീട്ടില്‍ അറിയിച്ചു. അദ്ദേഹം വിളിക്കുന്നതിനുവേണ്ടി വീട്ടുകാരും കുട്ടിയുമായി കാത്തിരുന്നു. എന്നാല്‍ ബാല വിളിച്ചില്ലെന്നും അമൃത പറഞ്ഞു.
താന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ 'ഇപ്പോള്‍ നീ ആരുടെ കൂടെയാണ്' എന്നല്ലല്ലോ ഞാന്‍ ചോദിച്ചത് എന്നായിരുന്നു ബാലയുടെ മറുപടി. ഇതിനെതിരെ അമൃത ശക്തമായി പ്രതികരിച്ചു. പുറത്തെന്ന് പറഞ്ഞാല്‍ ഞാന്‍ ആരുടേയും കൂടെയാണെന്നല്ല. ഒരു സിംഗിള്‍ മദര്‍ പുറത്താണെന്ന് പറഞ്ഞാല്‍ അത് ആരും കൂടെയാണെന്നല്ല അര്‍ത്ഥമെന്നും അമൃത പറഞ്ഞു. ഓഡിയോ ലീക്കാക്കുകയും തെറ്റായ രീതിയില്‍ പ്രചാരണം നടത്തുകയും ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത പറഞ്ഞിരുന്നു.
ഒടുവില്‍ തങ്ങള്‍ക്ക് ആരാണ് ഫോണ്‍ കോണ്‍ സംഭാഷണം നല്‍കിയതെന്ന് ഓണ്‍ലൈന്‍ മാധ്യമം അമൃതയോട് വെളിപ്പെടുത്തി. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ബാലയാണ് ഫോണ്‍ സംഭാഷണം അയച്ചു തന്നതെന്നും ഈ ഓണ്‍ലൈന്‍ മാധ്യമം പറയുന്നുണ്ട്. ബാലയാണ് ഓണ്‍ലൈന്‍ മാധ്യമത്തെ തെറ്റിദ്ധരിപ്പിച്ചതെന്നും ഈ വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇതിന്റെ തെളിവ് സഹിതമാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.