ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ അമ്മയ്ക്ക് എതിർപ്പില്ല, 90 ശതമാനം നിർദേശങ്ങളോടും യോജിപ്പ്: സിദ്ദിഖ്

അഭിറാം മനോഹർ| Last Modified ബുധന്‍, 4 മെയ് 2022 (17:26 IST)
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവിടുന്നതിൽ താരസംഘടനയായ അമ്മയ്ക്ക് എതിർപ്പില്ലെന്ന് നടൻ സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടായാലും അതിന്റെ കണ്ടെത്തലുകളായാലും പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്നാണ് ട്രഷറർ കൂടിയായ സിദ്ദിഖ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

റിപ്പോർട്ട് പുറത്തുവിടണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. സർക്കാർ തീരുമാനത്തെ അമ്മ എതിർക്കേണ്ടതില്ല. സാംസ്‌കാരിക മന്ത്രി വിളിച്ച ചർച്ച നല്ലതായിരുന്നു. ഹേമ കമ്മിറ്റി മുന്നോട്ട് വെയ്‌ക്കുന്ന 90 ശതമാനം നിർദേശങ്ങളോടും യോജിപ്പാണെന്നും സിദ്ദിഖ് പറഞ്ഞു.

ഡബ്യുസിസിയുടെ ആവശ്യപ്രകാരമാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. അതിനാൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ നിർദേശങ്ങൾ വെക്കാനുള്ളതും അവർക്കാണ്. അമ്മയെ സംബന്ധിച്ചിടത്തോളം പ്രത്യേക നിർദേശങ്ങൾ ഒന്നും മുന്നിൽ വെയ്‌ക്കാനില്ലെന്നും സിദ്ദിഖ് പറഞ്ഞു.

അതേസമയം ചർച്ച നിരാശാജനകമായിരുന്നുവെന്ന് ഡബ്യുസിസി പ്രതികരിച്ചു. സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദേശങ്ങൾ കൂടുതൽ അവ്യക്തതയുണ്ടാക്കുന്നുവെന്നും ഡബ്യുസിസി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :