അഭിറാം മനോഹർ|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (14:07 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ വെച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിഷയത്തില്‍ ന്യായീകരണവുമായി അലന്‍സിയര്‍. പെണ്‍പ്രതിമ അവാര്‍ഡായി നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു പുരസ്‌കാരവേദിയില്‍ വെച്ച് അലന്‍സിയറുടെ പരാമര്‍ശം.
ഈ പ്രതികരണം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ലെന്നും സിനിമ മേഖലയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനാകില്ലെന്നും താരം വ്യക്തമാക്കി. എന്നെ സദാചാരം പഠിപ്പിക്കാനായി ആരും വരേണ്ടതില്ല. മലയാള സിനിമയിലെ ഏക പീഡകന്‍ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടെന്നും ആ വിശേഷണത്തിന് യോഗ്യതയുള്ള പലരും സിനിമയിലുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ആക്ഷേപിച്ചുകൊണ്ടല്ല ഞാന്‍ പറഞ്ഞത്. സ്ത്രീകള്‍ പുരുഷന്മാരെയും ബഹുമാനിക്കാന്‍ പഠിക്കണം. അങ്ങനൊരു അവഹേളനം നിലവിലുണ്ട്. സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ്. സംവരണം മുഴുവന്‍ സ്ത്രീകള്‍ക്കാണ്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുടെ അടുത്താണ് ഞാന്‍ പുരുഷപ്രതിമ വേണമെന്ന് പറഞ്ഞത്. അതിലെന്താണ് തെറ്റുള്ളത്. എന്തുകൊണ്ടാണ് ഈ പറയുന്ന സ്ത്രീപക്ഷവാദികളോട് സ്ത്രീശരീരത്തെ വര്‍ണ്ണിച്ചുകൊണ്ടുള്ള നമ്പൂതിരിയുടെ ശില്പം എല്ലാ വര്‍ഷവും വിറ്റുകൊണ്ടിരിക്കുന്നു എന്നതാണ് എന്റെ ചോദ്യം, എന്തുകൊണ്ട് കാനായി കുഞ്ഞിരാമന്‍ ഒരു പുരുഷ ശരീരം തരുന്നില്ല. എന്നതാണ് എന്റെ ചോദ്യം. അലന്‍സിയര്‍ പറഞ്ഞു. സിനിമാനടനായത് കൊണ്ട് പേരുദോഷം മാത്രമെയുള്ളുവെന്നും ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കുടുങ്ങില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.