അഭിറാം മനോഹർ|
Last Modified വെള്ളി, 5 ഏപ്രില്‍ 2024 (13:59 IST)
Dhyan Sreenivaasan,Basil joseph
മലയാളത്തിലെ വമ്പന്‍ വിജയമായ ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ വിനീത് ശ്രീനിവാസന്‍ കോമ്പോയിലെത്തുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളി സിനിമാപ്രേക്ഷകരെല്ലാം. വിനീത് ശ്രീനിവാസന്‍ സിനിമകളിലെ സ്ഥിരം താരങ്ങളെല്ലാമുള്ള സിനിമയ്ക്ക് കാര്യമായ പ്രമോഷനൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ധ്യാനും ബേസിലും വിനീതുമടക്കമുള്ള താരങ്ങള്‍ നല്‍കിയ അഭിമുഖങ്ങള്‍ വൈറലായതോടെ ആരാധകരെല്ലാം തന്നെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്. പരസ്പരം കൊണ്ടും കൊടുത്തും കൊണ്ട് ധ്യാനും ബേസിലും നടത്തിയ സംഭാഷണങ്ങളാണ് സിനിമയ്ക്ക് പെട്ടെന്ന് ലഭിച്ച ഈ ബൂസ്റ്റിന് പിന്നില്‍.
അടുത്തിടെ അവതാരക വീണയുമായി വര്‍ഷങ്ങള്‍ക്ക് ശേഷം ടീം നടത്തിയ അഭിമുഖമാണ് ആദ്യം വൈറലായത്. അഭിമുഖത്തിനിടെ ഒന്ന് രണ്ട് ഗോളുകളെങ്കിലും അധികം നേടിയത് ധ്യാന്‍ ശ്രീനിവാസനായിരുന്നു. വൈറല്‍ അഭിമുഖത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് നടനായ അജു വര്‍ഗീസ്. വൈറലായ അഭിമുഖത്തിന്റെ ലിങ്ക് അജു ബേസിലിന് ഷെയര്‍ ചെയ്തിരുന്നു. ഇതിന് ബേസില്‍ നല്‍കിയ മറുപടിയാണ് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
കണ്ണുവയ്യാത്തതുകൊണ്ട് എന്റെ ഫുള്‍ സ്‌കില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നും അല്ലെങ്കില്‍ കാണാമായിരുന്നു അവനെ പൂര്‍ണ്ണമായും തറപറ്റിച്ചേനെയെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്. കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന് ബേസില്‍ ധ്യാനിനോട് പറഞ്ഞു എന്ന് ക്യാപ്ഷനിട്ടാണ് അജു സോഷ്യല്‍ മീഡിയയില്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്. എന്തായാലും താരങ്ങള്‍ തമ്മിലുള്ള ഈ സൗഹൃദം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. അഭിമുഖങ്ങള്‍ പോലെ തന്നെ സിനിമയും രസകരമാകട്ടെയെന്നാണ് ആരാധകരും പറയുന്നത്.