രേണുക വേണു|
Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (10:41 IST)
തമിഴ് സൂപ്പര്‍ താരം വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തില്‍ വലിയൊരു പ്രചാരണം പല സമയത്തും നടന്നിട്ടുണ്ട്. വിജയിയുടെ മതത്തെയും ജാതിയെയും സംബന്ധിച്ച് പല വിവാദ ചര്‍ച്ചകളും സിനിമയ്ക്കുള്ളിലും പുറത്തും നടന്നിട്ടുണ്ട്. ഇപ്പോള്‍ ഇതാ അത്തരം വിവാദങ്ങളില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ പിതാവും നടനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍.
വിജയിയെ സ്‌കൂളില്‍ ചേര്‍ത്ത സമയത്ത് അപേക്ഷാ ഫോമില്‍ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് തമിഴന്‍ എന്നാണ് ചേര്‍ത്തതെന്നും ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ച സ്‌കൂള്‍ അധികൃതര്‍ പിന്നീട് വഴങ്ങിയെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
അന്നുമുതല്‍ വിജയിയുടെ സര്‍ട്ടിഫിക്കറ്റില്‍ ജാതിയുടെ സ്ഥാനത്ത് തമിഴന്‍ എന്നു മാത്രമേയുള്ളൂ. നാം വിചാരിച്ചാല്‍ നമുക്ക് ജാതിയില്ലാതെ മുന്നോട്ടു പോകാം. ആ തീരുമാനം എടുക്കേണ്ടത് നമ്മളാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രത്തിന്റെ സംഗീത പ്രകാശന ചടങ്ങിലാണ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തല്‍.