അത് അറിവില്ലാത്തതു കൊണ്ടാണ്; മോഹന്‍ലാലിന്റെ മി ടൂ പരാമര്‍ശത്തില്‍ ആഷിഖ് അബു

അതേസമയം താരസംഘടനയായ 'അമ്മ' യുടെ പ്രവര്‍ത്തനം ഫ്യൂഡല്‍ സ്വഭാവത്തില്‍ ആണെന്നും അടിമക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നതാണ് ആ സംഘടനയുടെ ശൈലിയെന്നും ആഷിഖ് വിമര്‍ശിച്ചു

രേണുക വേണു| Last Modified വെള്ളി, 30 ഓഗസ്റ്റ് 2024 (08:00 IST)

സൂപ്പര്‍താരം മോഹന്‍ലാലിന്റെ മീ ടു പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. ലോകം മുഴുവന്‍ വലിയ ചലനമുണ്ടാക്കിയ മി ടൂ പോലൊരു മുന്നേറ്റത്തെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാകും അങ്ങനെ പറഞ്ഞതെന്ന് ആഷിഖ് പറഞ്ഞു. ന്യൂസ് മലയാളം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' മി ടൂ മൂവ്‌മെന്റ് ലോകം മുഴുവന്‍ ഉണ്ടാക്കിയ ഇംപാക്ടിനെ കുറിച്ച് മനസിലായിട്ടില്ല എന്നു വേണം കരുതാന്‍. അത്തരത്തിലൊരു പരാമര്‍ശം ആരു നടത്തിയാലും അത് അജ്ഞതയില്‍ നിന്നുള്ളതാണ്,' ആഷിഖ് പറഞ്ഞു. മി ടൂ മൂവ്‌മെന്റ് ഒരു ഫാഷന്‍ ആയി മാറിയെന്നും ആര്‍ക്കു വേണമെങ്കിലും മി ടൂ ഉന്നയിക്കാവുന്ന അവസ്ഥയാണെന്നുമാണ് മുന്‍പ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്.

അതേസമയം താരസംഘടനയായ 'അമ്മ' യുടെ പ്രവര്‍ത്തനം ഫ്യൂഡല്‍ സ്വഭാവത്തില്‍ ആണെന്നും അടിമക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നതാണ് ആ സംഘടനയുടെ ശൈലിയെന്നും ആഷിഖ് വിമര്‍ശിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സിനിമയിലെ നവീകരണത്തിനായി ചെയ്ത കാര്യങ്ങള്‍ പ്രശംസനീയമാണെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തേക്കു എത്തിയപ്പോള്‍ അത് പൂര്‍ണമായി നിലച്ചെന്നും ആഷിഖ് കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :