മലയാളത്തിലെ ആദ്യ ലിപ് ലോക്ക് വൈശാലിയിലല്ല, ഇന്ത്യൻ സിനിമയ്ക്ക് ലിപ് ലോക്ക് സമ്മാനിച്ചത് തന്നെ മലയാള സിനിമയെന്ന് എത്രപേർക്ക് അറിയാം!!
അഭിറാം മനോഹർ|
Last Modified ബുധന്‍, 6 ജൂലൈ 2022 (15:56 IST)
അന്താരാഷ്ട്ര ചുംബനദിനമായി ലോകം ചുംബനങ്ങളെ ആഘോഷിക്കുമ്പോൾ ഇന്ത്യൻ സിനിമയിൽ ചുംബന രംഗങ്ങൾ ഇത്രയും സാധാരണമായി അധിക കാലമായിട്ടില്ല എന്നതാണ് സത്യം. രതി രംഗങ്ങളിലും ചുംബനരംഗങ്ങളിലും വല്ലാതെ മാന്യത സൂക്ഷിച്ചിരുന്ന ഇന്ത്യൻ സിനിമയിൽ ചുംബനരംഗങ്ങൾ വളരെ സാധാരണമാക്കുന്നതിൽ ഇമ്രാൻ ഹാഷ്മി ചിത്രങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
എന്നാൽ ഈ ചിത്രങ്ങൾക്ക് മുൻപും ലിപ് ലോക്ക് അടക്കമുള്ള ചുംബന രംഗങ്ങൾ ഇന്ത്യൻ സിനിമയിൽ ആവിഷ്കരിച്ചിരുന്നു. മലയാള സിനിമയിലേക്ക് വരികയാണെങ്കിൽ ഫഹദ് ഫാസിലിലൂടെയും ടൊവിനോയിലൂടെയുമായിരിക്കും ലിപ് ലോക്ക് രംഗങ്ങൾക്ക് വലിയ സ്വീകാര്യത ലഭ്യമായത്. മലയാള സിനിമാ ചരിത്രം പരിഗണിക്കുമ്പോൾ 1988ൽ ഭരതൻ്റെ സംവിധാനത്തിൽ സുപർണയും സഞ്ജയ് മിത്രയും പ്രധാനവേഷങ്ങളിലെത്തിയ വൈശാലിയിലാണ് മലയാളത്തിലെ ആദ്യ ലിപ് ലോക്ക് സീൻ ഉള്ള സിനിമയായി കണക്കാക്കുന്നത്.
എന്നാൽ ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ലിപ് ലോക്ക് രംഗം സംഭവിച്ചത് മലയാള സിനിമയിലാണ് എന്നതാണ് അധികം പരസ്യമല്ലാത്ത ഒരു സത്യം. 89 വർഷങ്ങൾക്ക് മുൻപ് 1933ൽ പുറത്തിറങ്ങിയ മാർത്താണ്ഡ വർമ എന്ന സിനിമയിലാണ് ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ലിപ് ലോക്ക് രംഗമുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിശബ്ദ സിനിമയായാണ് മാർത്താണ്ഡ വർമ പുറത്തിറങ്ങിയത്. 1891ൽ സിവി രാമൻ പിള്ള എഴുതിയ മാർത്തണ്ഡ വർമ എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് പിവി റാവു ആയിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം സിനിമയായിരുന്നു ഇത്.
എ വി പി മേനോൻ പത്മിനി എന്നിവരാണ് സിനിമയിലെ ലിപ് ലോക്ക് രംഗത്ത് അഭിനയിക്കുന്നത്. നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയാണ് ചിത്രത്തിൻ്റെ പ്രിൻ്റ് സംരക്ഷിച്ചു വെച്ചിരിക്കുന്നത്. യൂട്യൂബിലും സിനിമ ലഭ്യമാണ്. സിനിമയിലെ 74ആം മിനിറ്റിലാണ് ഇന്ത്യൻ സിനിമയിലെ ആദ്യ ലിപ് ലോക്ക് രംഗം.