രാമായണ കഥയെ അടിസ്ഥാനമാക്കി മണിരത്നം ചിത്രീകരിക്കുന്ന 'രാവണ'യുടെ (തമിഴില്‍ 'അശോകവനം') ചിത്രീകരണം വനം വകുപ്പ് തടഞ്ഞു.
വനത്തിന് നാശം വരുത്തി സിനിമ ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് എറണാകുളം മലയാറ്റൂര്‍ വനമേഖലക്ക് സമീപമുള്ള ഷൂട്ടിങ്ങ് വനം വകുപ്പ് ഇടപെട്ട് നിര്‍ത്തി വയ്പ്പിച്ചത്. മലയാറ്റൂര്‍ വനമേഖലക്ക് സമീപം അടിക്കാടുകള്‍ വെട്ടിമാറ്റി സിനിമക്ക് സെറ്റ് ഇട്ടതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
വാഴച്ചാല്‍, മുളങ്കുഴി വനമേഖലയില്‍ രണ്ടാഴ്ചയായി ചിത്രീകരണം പുരോഗമിച്ചു വരികയാണ്. പ്രധാന താരങ്ങള്‍ ഒന്നും എത്തിയിരുന്നില്ല. ഈ മാസം 15ന് ആഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിക്രമും സിനിമയുടെ സെറ്റില്‍ എത്താനിരിക്കെയാണ് ചിത്രീകരണം തടസപ്പെട്ടിരിക്കുന്നത്.
മുളങ്കുഴി മേഖലയില്‍ ഷൂട്ടിങ്ങിന് അനുമതി കൊടുക്കുമ്പോള്‍ വനം വകുപ്പ് ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവ ലംഘിച്ച് അടിക്കാടിന് നാശം വരുത്തിയതാണ് ഷൂട്ടിങ്ങ് തടസപ്പെടുത്താന്‍ കാരണം.
ഏതാനും ദിവസങ്ങളില്‍ കൂടി ഇവിടെ ചിത്രീകരണം നടക്കാനുണ്ടായിരുന്നു. പട്ടാളക്യാമ്പും ആദിവാസി കുടിലുകളുമാണ് ഇവിടെ സെറ്റിട്ടിരുന്നത്. മുളങ്കാടിലെ സെറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി. എന്നാല്‍ വാഴച്ചാലില്‍ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണെന്നറിയുന്നു.
WEBDUNIA|
നൂറ് കോടിയിലേറെ മുടക്കി ചിത്രീകരിക്കുന്ന സിനിമ ഹിന്ദിയിലും തെന്നിന്ത്യയിലും ഒരേ സമയം ഇറക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ആതിരപ്പള്ളിയിലും ഷൂട്ടിങ്ങ് ഉണ്ടാകുമെന്നാണ് അറിയുന്നത്.