അവസാനമായി കവിഎസ് രമേശന്‍ നായര്‍ രചന നിര്‍വഹിച്ച മൂകാംബിക ഗീതം,ഗാനസൗപര്‍ണിക, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ശനി, 18 ജൂണ്‍ 2022 (09:10 IST)
മഹാകവി ശ്രീ എസ് രമേശന്‍ നായര്‍ അവസാനമായി രചന നിര്‍വഹിച്ച മൂകാംബിക ഗീതം.ഇന്ന് രാവിലെ 6 മണിക്ക് ''ഗാനസൗപര്‍ണിക'ഉണ്ണി മേനോന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി.
കവി ക്രാന്തദര്‍ശിയാണെന്ന് പറയും. ആ സത്യത്തിന്റെ നേരനുഭവമാണ് ഈ വരികള്‍ എനിയ്ക്ക് തരുന്നത്. 200ല്‍ പരം രമേശരചനകള്‍ക്ക് സ്വരമാകുവാനുള്ള പുണ്യം എനിയ്ക്ക് കൈവന്നു. ഭക്തിഗാന ആല്‍ബങ്ങളുടെ സുവര്‍ണ്ണകാലം ഓര്‍മ്മയായി. നീണ്ട ഒരിടവേളയ്ക്ക് ശേഷം 2019ല്‍ ഞാന്‍ രമേശന്‍ സാറിനെ വിളിച്ചു. രണ്ട് മൂകാംബികാഗീതങ്ങള്‍ വേണമെന്നുള്ള ആഗ്രഹമറിയിച്ചു. മൂകാംബികയ്ക്കായി പാട്ടുകളുടെ രഥോത്സവം തന്നെ നടത്തിയ കവി എഴുതിത്തന്നത് തന്റെ ജന്മത്തിലെ എറ്റവും അവസാനത്തെ മൂകാംബികാഗീതങ്ങളായിരുന്നു.
കുടജാദ്രിയില്‍ സൗപര്‍ണ്ണികയുടെ തീരത്ത് ഹരിതശ്യാമവനത്തിലെ സുകൃതവൃക്ഷക്കൊമ്പില്‍ ഒരു കുയിലായി പാടുന്ന മോക്ഷത്തിലേയ്ക്ക് കവി തന്റെ സര്‍ഗ്ഗയാത്ര തുടര്‍ന്നു.
ഗാനങ്ങള്‍ക്ക് പേരിടാനുള്ള ചുമതല കവി തന്റെ ശിഷ്യനായ ബല്‍രാമിനെ ഏല്‍പ്പിച്ചു ( Balram Ettikkara). നാദപ്രപഞ്ചത്തെ എന്നാരംഭിയ്ക്കുന്ന ഗാനം
'നാദാംബിക' എന്ന പേരില്‍ നേരത്തെ ഇറങ്ങിയിരുന്നു. Unnimenon Music Youtube ചാനലില്‍ ഗാനം ലഭ്യമാണ്. ഏകശ്രുതി മീട്ടി എന്നാരംഭിയ്ക്കുന്ന അവസാനത്തെ ഗാനം 'ഗാനസൗപര്‍ണ്ണിക' എന്നപേരില്‍ കവിയുടെ ഒന്നാം സ്മൃതിദിനത്തില്‍ ( ജൂണ്‍ 18) release ചെയ്യുകയാണ്. വരികള്‍ക്കിണങ്ങുന്ന സംഗീതം നല്‍കിയത് ശ്രീ എന്‍ സുനിലാണ്.
ശ്രീ എസ്. രമേശന്‍ നായര്‍, ഭക്തിഗാനങ്ങളുടെ വിശാലവിഹായസ്സില്‍ വേറിട്ട് തിളങ്ങുന്ന പൗര്‍ണ്ണമിയാകുന്നു.
അദ്ദേഹത്തിന്റെ ഭക്തിഗാനരചനാചരിത്രം ഏതാണ്ട് ഇതുപോലെ അടയാളപ്പെടുത്താമെന്ന് തോന്നുന്നു. 'കേരളത്തില്‍ ഒരു മഹാകവി ഭക്തിഗാനങ്ങള്‍ എഴുതിയിരുന്നു. ഭക്തിഗാനരചനയ്ക്ക് മാതൃകയാകും വിധം സൃഷ്ടികള്‍ നടത്തിയിരുന്നു. വയലാര്‍ സിനിമാഗാനങ്ങളില്‍ കവിത നിറച്ചപ്പോള്‍, ഈ മഹാകവി ഭക്തിഗാനങ്ങളെ കാവ്യസാന്ദ്രമാക്കി'.
കവിതയ്ക്ക് മരണമില്ല. കവിത നിറയുന്ന ഗാനത്തിനും മരണമില്ല. അതുകൊണ്ട് തന്നെ അവയുടെ സ്രഷ്ടാവിനും മരണമില്ല. ശ്രീ രമേശന്‍ നായരുടെ ജീവന്‍ തുടിയ്ക്കുന്ന ഓര്‍മ്മകള്‍ക്കുമുമ്പില്‍ അനന്തകോടി പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് 'ഗാനസൗപര്‍ണ്ണിക' എന്റെ പ്രിയസുഹൃത്തുക്കള്‍ക്കായി അവതരിപ്പിയ്ക്കട്ടെ.
ഈ ഗാനത്തിന്റെ റെക്കോര്‍ഡിങ് വേളയില്‍ രമേശന്‍ സാറിന്റെ തന്നെ രചനയില്‍ മറ്റൊരു ഗാനം കൂടി റെക്കോര്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'നാദപ്രപഞ്ചത്തില്‍ 'എന്ന ആ ഗാനത്തിന്റെ ലിങ്ക് കൂടെ ഇതൊടൊപ്പം കൊടുക്കുന്നു.