വീണുടഞ്ഞ സൂര്യകിരീടം...

രവിശേഖര്‍

WEBDUNIA|
PRO
ലോഹിതദാസിന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആരായിരുന്നുവോ അതുപോലെയാണ് തിരക്കഥാകാരനും സംവിധായകനുമായ രഞ്ജിത്തിന് ഗിരീഷ് പുത്തഞ്ചേരി. രഞ്ജിത്തിന്‍റെ പ്രധാനപ്പെട്ടതും പ്രശസ്തങ്ങളുമായ സിനിമകളിലെ അതിമനോഹരമായ ഗാനങ്ങളുടെ രചന ഗിരീഷായിരുന്നു. ഏതു മികച്ചത് എന്ന് നിര്‍ണ്ണയിക്കാനാകാത്തവിധം ചാരുതയാര്‍ന്ന ഗാനങ്ങളാണ് രഞ്ജിത്ത് ചിത്രങ്ങള്‍ക്കു വേണ്ടി ഗിരീഷ് സൃഷ്ടിച്ചത്. ഗിരീഷിന് ബ്രേക്ക് നല്‍കിയ ഗാനം രഞ്ജിത് തിരക്കഥയെഴുതിയ ജോണിവാക്കറിലേതാണ്. “ശാന്തമീ രാത്രിയില്‍...” - ഈ പാട്ടിന് ശേഷം പുത്തഞ്ചേരിക്കാരന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

‘രാവണപ്രഭു’ എന്ന സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ ആലോചിക്കുമ്പോള്‍ ഗിരീഷ് പുത്തഞ്ചേരിയോട് രഞ്ജിത് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. “മലയാളികളുടെ മനസില്‍ കല്‍‌വിളക്കായി ജ്വലിച്ചു നില്‍ക്കുന്ന കഥാപാത്രങ്ങളാണ് നീലകണ്ഠനും ഭാനുമതിയും. അപ്പോള്‍ ഗാനങ്ങള്‍ക്ക് രാജകീയ ഭാവമുണ്ടാകണം”. നിമിഷങ്ങള്‍ക്കുള്ളില്‍ ഗിരീഷ് സൃഷ്ടിച്ച ഗാനങ്ങള്‍ രഞ്ജിത്തിനെയും അത്ഭുതപ്പെടുത്തി.

“ആകാശദീപങ്ങള്‍ സാക്ഷി....ആഗ്നേയ ശൈലങ്ങള്‍ സാക്ഷി”, “അറിയാതെ അറിയാതെ ഈ പവിഴ വാര്‍തിങ്കളറിയാതെ...” എന്നീ ഗാനങ്ങള്‍ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളായി മാറി.

മായാമയൂരം എന്ന സിനിമയിലെ ഗാനങ്ങള്‍ക്കും പഴമയുടെ ആഢ്യത്വമുണ്ട്. “കൈക്കുടന്ന നിറയെ തിരുമധുരം തരും...” എന്ന ഗാനം മൂളാത്തവര്‍ ആരുണ്ട്?. രഘുകുമാറായിരുന്നു ആ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

സംഗീതസാന്ദ്രമായിരുന്നു രഞ്ജിത് സംവിധാനം ചെയ്ത ‘നന്ദനം’. ഗുരൂവായൂര്‍ നടയില്‍ നില്‍ക്കുന്നതുപോലൊരു അനുഭവമാണ് ആ ചിത്രത്തിലെ ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. “മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി... മഞ്ഞപ്പട്ടാംബരം ചാര്‍ത്തി” എന്ന ഗാനം കൃഷ്ണലീലയുടെ ഭംഗിയാര്‍ന്ന വര്‍ണനയാണ്.

“കാര്‍‌മുകില്‍ വര്‍ണന്‍റെ ചുണ്ടില്‍ ചേരുമോടക്കുഴലിന്‍റെയുള്ളില്‍...” എന്ന ഭക്തിരസപ്രദാനമായ ഗാനം കണ്ണീരോടെയല്ലാതെ ആസ്വദിക്കാനാവില്ല. “എന്‍റെ മിഴിനാളമണയാതെരിച്ചും...നീറും നെഞ്ചകം അകിലായ് പുതച്ചും...” എന്ന വരികള്‍ ഗിരീഷ് പുത്തഞ്ചേരി ആത്മാവില്‍ തൊട്ടെഴുതിയതാണ്. “ഗോപികേ...ഹൃദയമൊരു വെണ്‍‌ശംഖുപോലെ” എന്ന ഗാനത്തിന്‍റെ ഗൂഢഭംഗി എത്ര ആസ്വാദ്യകരമാണ്.

രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ചരിത്രവിജയം നേടിയ ‘ആറാം തമ്പുരാന്‍’ എന്ന ചിത്രത്തില്‍ പതിനൊന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഗാനം രചിക്കാന്‍ ഗിരീഷ് പുത്തഞ്ചേരിക്ക് അത്രയും സമയം പോലും വേണ്ടിവന്നില്ല എന്നതാണ് സത്യം. “ഹരിമുരളീരവം...ഹരിതവൃന്ദാവനം” എന്ന ആ ഗാനത്തിന്‍റെ പുതുമ ഇനിയും നഷ്ടപ്പെട്ടിട്ടില്ല. “പാടി... തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍” എന്ന ആ ചിത്രത്തിലെ ഗാനവും ഗംഭീരമായി.

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന കമല്‍ ചിത്രത്തിന്‍റെ കഥ രഞ്ജിത്തിന്‍റേതായിരുന്നു. ഗിരീഷ് പുത്തഞ്ചേരി ആ ചിത്രത്തിനു വേണ്ടിയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയഗാനം എഴുതിയത്. “പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടികടന്നെത്തുന്ന പദനിസ്വനം...”. വേറെയും നല്ല ഗാനങ്ങള്‍ കൃഷ്ണഗുഡിക്ക് ഗിരീഷ് നല്‍കി - “കാത്തിരിപ്പൂ കണ്‍‌മണീ...”, “വിണ്ണിലെ പൊയ്കയില്‍ വന്നിറങ്ങിയ പൌര്‍ണമീ”.

രഞ്ജിത്തിന്‍റെ സമ്മര്‍ ഇന്‍ ബേത്‌ലഹേമും പ്രണയാര്‍ദ്രമായിരുന്നു. ആ ചിത്രത്തിനു വേണ്ടി ഗിരീഷ് എഴുതിയ “ഒരു രാത്രി കൂടി വിടവാങ്ങവേ... ഒരു പാട്ടുമൂളി വെയില്‍ വീഴവേ”, “എത്രയോ ജന്‍‌മമായ് നിന്നെ ഞാന്‍ തേടുന്നു” എന്നീ ഗാനങ്ങള്‍ മലയാളിയുടെ പ്രണയഭാവത്തെ തരളിതമാക്കി. “കണ്‍‌ഫ്യൂഷന്‍ തീര്‍ക്കണമേ...” എന്ന കോമഡിഗാനവും ഈ സിനിമയ്ക്കായി ഗിരീഷ് രചിച്ചു.

റോക്ക് ആന്‍റ് റോള്‍ എന്ന രഞ്ജിത് ചിത്രത്തിനു വേണ്ടി ഗിരീഷ് എഴുതിയ “രാവേറെയായ് പൂവേ...”, “ചന്ദാമാമ...” എന്നീ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ചന്ദ്രോത്സവം എന്ന സിനിമയിലും മനോഹരമായ പ്രണയഗാനങ്ങള്‍ ഗിരീഷ് രചിച്ചു. “ആരാരും കാണാതെ....”, “മുറ്റത്തെത്തും തിങ്കളേ...”, “പൊന്‍‌മുളം തണ്ടു മൂളും” എന്നീ ഗാനങ്ങള്‍ മികച്ച രചനാനുഭവമായി.

ദേവാസുരം എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ “മേടപ്പൊന്നണിയും കൊന്നപ്പൂക്കളുമായ്...” എന്ന ഗാനം ഒരു ഉത്സവത്തിമര്‍പ്പ് ആണ് പ്രേക്ഷകരിലുണര്‍ത്തുക. തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ഗാനം ദേവാസുരത്തിലേതാണെന്ന് ഗിരീഷ് എപ്പോഴും പറയാറുണ്ട്. “സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍...” എന്ന ഗാനമാണത്. വിരഹവും മരണവും പ്രണയവുമെല്ലാം വല്ലാതെ സന്നിവേശിച്ചിരിക്കുന്ന വരികള്‍. അതെ, മലയാളത്തിന്‍റെ സിനിമാസംഗീതത്തിലെ അക്ഷരങ്ങളുടെ സൂര്യകിരീടം വീണുടഞ്ഞിരിക്കുന്നു. ആരും പ്രതീക്ഷിക്കാതെ. ആരെയും കാത്തുനില്‍ക്കാതെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :