എഴുതിത്തള്ളിയവര്‍ക്കും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും മുന്നറിയിപ്പ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മടങ്ങിവരും. മമ്മൂട്ടിയുടെ താരസിംഹാസനത്തിന് ഇളക്കം തട്ടിത്തുടങ്ങി എന്ന് ആശ്വസിക്കുന്നവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ എന്ന ഐ എ എസുകാരന് എത്തുന്നു. 23ന് 200ലധികം കേന്ദ്രങ്ങളില്‍ ‘ദി കിംഗ് ആന്റ് ദി കമ്മീഷണര്‍’ എന്ന മമ്മൂട്ടി നിറഞ്ഞാടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തും.
കഴിഞ്ഞ വര്‍ഷത്തെ നാലോ അഞ്ചോ പരാജയചിത്രങ്ങള്‍ നിരത്തിക്കാട്ടി ‘മമ്മൂട്ടിയുഗം’ അവസാനിച്ചു എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് കിംഗ് ആന്റ് കമ്മീഷണര്‍ മറുപടി നല്‍കും എന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രം ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്റെ ഏറ്റവും സൂപ്പര്‍ സിനിമയെന്നാണ് പ്രാഥമിക വിവരം. മമ്മൂട്ടിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആണത്രെ സിനിമയില്‍.
“ഇന്ത്യയുടെ സോള്‍, ആത്മാവ്, അതെന്താണെന്നറിയാനുള്ള സെന്സുണ്ടാവണം, സെന്‍സിറ്റിവിറ്റിയുണ്ടാവണം, സെന്‍സിബിലിറ്റിയുണ്ടാകണം’ - എന്ന് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഡയലോഗ് ഉരുവിട്ട് ദി കിംഗില്‍ മമ്മൂട്ടി കത്തിക്കയറിയപ്പോള്‍ ‘മമ്മൂട്ടി തന്നെ മാസ് സ്റ്റാര്‍’ എന്ന് ആര്‍ത്തുവിളിച്ചവര്‍ക്ക് പുതിയ ജോസഫ് അലക്സിന്റെ പ്രകടനം ആഘോഷമായി മാറും. ഇത് മലയാള സിനിമയിലെ മഹാരാജാവിന്റെ മടങ്ങിവരവായിരിക്കും എന്ന് സിനിമാപണ്ഡിതര്‍ പ്രവചിക്കുന്നു.
പണ്ട്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൈപ്പ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടര്‍ച്ചയായി മമ്മൂട്ടി പരാജയപ്പെട്ടപ്പോള്‍ രക്ഷപ്പെടുത്തിയത് ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു - ‘ന്യൂഡെല്‍ഹി’. ആ മാജിക് ഇവിടെയും ആവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരുങ്ങിയിരിക്കുക. നിശബ്ദരായിരിക്കുക. തേവള്ളിപ്പറമ്പില്‍ വീട്ടിലെ കളക്ടര്‍ തയ്യാറായിക്കഴിഞ്ഞു. വിമര്‍ശകര്‍ക്ക് മേല്‍ ആ ഡയലോഗ് വന്നുവീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം - കളി എന്നോടും വേണ്ട സാര്‍!