ബാലചന്ദര്‍ വീണ്ടും നാടകത്തിലേക്ക്

PROPRO
സിനിമയില്‍ കൈവച്ച മേഖലകളിലെല്ലാം പൊന്ന് വിളയിച്ച പ്രതിഭകള്‍ വളരെ അപൂര്‍വം. മലയാളികളായ ഭരതന്‍, പത്മരാജന്‍ തുടങ്ങി നിരവധി പ്രതിഭകളുടെ പേരുകള്‍ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. അവര്‍ക്കെല്ലാം പരിമിതികള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ചിലപ്പോഴൊക്കെ അവരുടെ സിനിമകള്‍ പാളിപ്പോയതും.

വയസ് എണ്‍‌പതിനോട് അടുക്കുമ്പോഴും സിനിമാരംഗത്ത് സജീവമായി നില്‍ക്കുകയും സിനിമയിലെ യുവതലമുറയേക്കാള്‍ കൂടുതലായി ഇപ്പോഴും സംഭാവന ചെയ്യുകയും ചെയ്യുന്ന മഹാ പ്രതിഭയാണ് കൈലാസം ബാലചന്ദറെന്ന കെ ബാലചന്ദര്‍. മലയാളത്തിലെ പല സിനിമാ പ്രവര്‍ത്തകരുടെയും ഗുരുവായ ബാലചന്ദര്‍ എത്രയെത്ര പ്രതിഭകളെയാണ് ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചത്.

രജനീകാന്ത്, കമലാഹാസന്‍, ചിരഞ്ജീവി, ശ്രീവിദ്യ, പ്രകാശ്‌രാജ് തുടങ്ങിയ നക്ഷത്രങ്ങളെ കണ്ടെത്തി, സിനിമയില്‍ ആദ്യമായി അവതരിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ബാലചന്ദറിനുള്ളതാണ്. ഇന്ന് ഓസ്കര്‍ ഔന്നത്യത്തില്‍ നില്‍‌ക്കുന്ന എ ആര്‍ റഹ്‌മാന്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത് ബാലചന്ദര്‍ നിര്‍മിച്ച ‘റോജാ’ എന്ന സിനിമയിലാണ്. രജനിയെയും കമലിനെയും നാലോളം സിനിമകളില്‍ ഈ സംവിധായകപ്രതിഭ ഒരുമിച്ച് അഭിനയിപ്പിച്ചിട്ടുണ്ട്.

മലയാളത്തിന്‍റെ അഭിമാനമായ മമ്മൂട്ടിയെ നായകനാക്കി ‘അഴകന്‍’ എന്ന പേരില്‍ ഒരു ഹിറ്റ് ചിത്രം ഒരുക്കിയിട്ടുണ്ട് ബാലചന്ദര്‍. അപൂര്‍വ രാഗങ്ങള്‍, സിന്ധുഭൈരവി, ഏക് തുജെ കേലിയേ, ഉന്നാല്‍ മുടിയും തമ്പി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഹിറ്റുകള്‍ സമ്മാനിച്ച ബാലചന്ദര്‍ ഇപ്പോഴും തിരക്കിലാണ്. ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ‘നൂട്രുക്കു നൂര്‍’ എന്ന സിനിമയുടെ സംവിധാന തിരക്കിലാണ് അദ്ദേഹം.

നാടകമായിരുന്നു, അല്ലെങ്കില്‍ നാടകമാണ് ബാലചന്ദറിന്‍റെ തട്ടകം. ബാലചന്ദര്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന നാടകങ്ങളുടെ ആരാധകനായിരുന്നു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും സിനിമാതാരവുമായ എം ജി ആര്‍. താന്‍ അഭിനയിക്കുന്ന ‘ദൈവത്തായ്’ എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കാന്‍ എം ജി ആറാണ് ബാലചന്ദറിനെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ന്ന് തിരക്കഥയും കഥയും സംവിധാനവും നിര്‍മാണവുമൊക്കെയായി വലിയൊരു വടവൃക്ഷമായി ബാലചന്ദര്‍ വളര്‍ന്നു.

ഏറെക്കാലത്തെ സിനിമാ ജീവിതത്തിന് ശേഷം വീണ്ടും തന്‍റെ തട്ടകത്തിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ് ബാലചന്ദറിപ്പോള്‍. ഒരുപിടി നല്ല നാടകങ്ങള്‍ നിര്‍മിക്കാനും തമിഴ്‌നാട്ടിലുടനീളം അവതരിപ്പിക്കാനും തയ്യാറെടുക്കുകയാണ് ബാലചന്ദറിന്‍റെ സിനിമാ നിര്‍മാണ കമ്പനിയായ കവിതാലയ. കവിതാലയയുടെ ആദ്യ നാടകം പൌര്‍‌ണമിയാണ്. രചനയും സംവിധാനവും ബാലചന്ദറിന്‍റേത് തന്നെ. ഒപ്പം, നായകവേഷത്തില്‍ അഭിനയിക്കുന്നതും ബാലചന്ദര്‍.

WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (17:09 IST)
തമിഴ് സിനിമാലോകത്തിന്‍റെ ഗുരുവെന്ന് അറിയപ്പെടുന്ന ബാലചന്ദറിന്‍റെ നാടകത്തിനായി കാത്തിരിക്കുകയാണ് തമിഴകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :