പിണക്കങ്ങള്‍ തീരുന്നു, വീണ്ടും ‘വിനയന്‍ കാലം’!

WEBDUNIA|
PRO
മലയാള സിനിമയില്‍ ‘വിനയന്‍ കാലം’ വീണ്ടും വരികയാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംവിധായകന്‍ വിനയനും തമ്മിലുള്ള പിണക്കം അവസാനിച്ചു. വിനയന് വീണ്ടും അസോസിയേഷനില്‍ അംഗത്വം നല്‍കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ സഹകരണത്തോടെ വിനയന്‍റെ പുതിയ ചിത്രമായ ‘ഡ്രാക്കുള 2012’ന്‍റെ പൂജ വ്യാഴാഴ്ച നടക്കുകയാണ്.

വിനയന് വീണ്ടും അംഗത്വം നല്‍കാന്‍ അസോസിയേഷന്‍റെ നിര്‍വാഹക സമിതി യോഗമാണ് തീരുമാനമെടുത്തത്. 1998ല്‍ ആകാശഗംഗ എന്ന സിനിമ നിര്‍മ്മിച്ചതോടെയാണ് വിനയന്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അംഗത്വം നേടുന്നത്. എന്നാല്‍ 2010 മേയില്‍ വിനയന്‍റെ അംഗത്വം സംഘടന റദ്ദാക്കി.

വിനയന് വീണ്ടും അംഗത്വം നല്‍കിയതോടെ, സംഘടനയ്ക്കെതിരെ വിനയന്‍ നല്‍കിയ കേസുകള്‍ പിന്‍‌വലിക്കും. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡ്രാക്കുള 2012’ ത്രീഡിയിലാണ് ചിത്രീകരിക്കുന്നത്. നാലുഭാഷകളിലായി പുറത്തിറങ്ങും.

സുധീര്‍ ഡ്രാക്കുളയാകുന്ന ചിത്രത്തില്‍ ശ്വേതാ മേനോന്‍, വിമലാ രാമന്‍, നാസര്‍, ഓം‌പുരി, കോട്ട ശ്രീനിവാസ റാവു തുടങ്ങിയവര്‍ അഭിനയിക്കും.

ഈ സിനിമയ്ക്ക് ശേഷം ജയസൂര്യയെ നായകനാക്കി ‘ആലിബാബയും 41 കള്ളന്‍‌മാരും’ റീമേക്ക് ചെയ്യനാണ് വിനയന്‍റെ പരിപാടി. ആ സിനിമയോടെ ഫെഫ്കയുമായുള്ള വിനയന്‍റെ പിണക്കവും ഇല്ലാതാകുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :