ചിറകറ്റ ഒരു പക്ഷിയെപ്പോലെ ശ്രീനാഥ്‌

രവിശങ്കര്‍

WEBDUNIA|
PRO
ചിറകറ്റ പക്ഷിക്കു ചിറകുമായ്‌ നീയിനി
പിറകേ വരല്ലേ വരല്ലേ
നീ തന്നെ ജീവിതം സന്ധ്യേ, നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു, നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ....

അയ്യപ്പപ്പണിക്കരുടെ പ്രശസ്തമായ കവിതയും പാടി, തലയ്ക്‌ അല്‍പ്പം കുഴപ്പമുള്ള മട്ടില്‍ ആടിയുലഞ്ഞു നടന്നു പോകുന്ന പാരലല്‍ കോളജ്‌ അധ്യാപകന്‍. അത്‌ ശ്രീനാഥ്‌ അവതരിപ്പിച്ച ഒരു കഥാപാത്രമാണ്‌. 'കുടുംബപുരാണം' എന്ന ചിത്രത്തില്‍. ഇന്ന്‌ ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ ആ ദൃശ്യമാണ്‌ മനസില്‍ വന്നത്‌. ശ്രീനാഥ്‌ മരണത്തിലേക്ക്‌ സ്വയം നടന്നു മറഞ്ഞിരിക്കുന്നു.

സ്നേഹത്തിന്റെ മുഖമായിരുന്നു ശ്രീനാഥിന്‌ എന്നും ചേരുന്നത്‌. സി ബി ഐ ഡയറിക്കുറിപ്പിലും അതിന്റെ തുടര്‍ച്ചകളിലും വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങാനായെങ്കിലും മലയാള പ്രേക്ഷകര്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല, ശ്രീനാഥിനെ വില്ലന്‍ വേഷങ്ങളില്‍ കാണാന്‍. നായകനായോ നായകന്റെ സുഹൃത്തായോ മലയാളികള്‍ അദ്ദേഹത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തി൹ മേല്‍ എന്നും നിഴല്‍ വീഴ്ത്തി നിന്നിരുന്നു.

80കളില്‍, മലയാളത്തിലെ ഇന്നത്തെ സൂപ്പര്‍താരങ്ങള്‍ നായകവേഷങ്ങളിലേക്ക്‌ കടക്കുന്ന സമയത്തു തന്നെയാണ്‌ ശ്രീനാഥും നായകനായി സിനിമയിലെത്തുന്നത്‌. എന്നാല്‍ ചില ചിത്രങ്ങളില്‍ നായകനായ ശേഷം അദ്ദേഹത്തിന്‌ അവസരം കുറയുകയായിരുന്നു. ശാലിനി എന്റെ കൂട്ടുകാരി, ഊതിക്കാച്ചിയ പൊന്ന്‌, ഇതു ഞങ്ങളുടെ കഥ, സാഗരം ശാന്തം, സന്ധ്യമയങ്ങും നേരം, പിരിയില്ല നാം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്‌.

നായകനായി അധികം തിളങ്ങാന്‍ കഴിയാതെ പോയപ്പോള്‍ തമിഴിലും ശ്രീനാഥ്‌ ഭാഗ്യപരീക്ഷണം നടത്തി. ചില തമിഴ്‌ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിരുന്നു. തന്റെ തട്ടകം മലയാളം തന്നെയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ വീണ്ടും മലയാള സിനിമയിലേക്ക്‌ വന്നു.

കൂടും തേടി, പറയാന്‍ വയ്യ പറയാതിരിക്കാനും വയ്യ, ജാലകം, ഇരുപതാം നൂറ്റാണ്ട്‌ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രീനാഥിന്‌ നല്ല വേഷങ്ങളായിരുന്നു. എന്നാല്‍ 1988ല്‍ കെ മധു സംവിധാനം ചെയ്ത ഒരു സി ബി ഐ ഡയറിക്കുറിപ്പ്‌ റിലീസ്‌ ചെയ്തതോടെ ശ്രീനാഥിന്റെ സമയം തെളിയുകയാണെന്ന്‌ സിനിമാലോകം കരുതി. ആ ചിത്രത്തിലെ സണ്ണി എന്ന കഥാപാത്രം ഒരു പുതിയ വില്ലന്റെ ജനനമാണെന്ന്‌ തോന്നിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :