ഇത് മലയാളത്തിന്‍റെ സ്വന്തം പൃഥ്വിരാജ്!

WEBDUNIA|
PRO
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം രണ്ടാം തവണയും സ്വന്തമാക്കിയ പൃഥ്വിരാജ് പതിവില്ലാതെ തീര്‍ത്തും വിനയാന്വിതനായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഒരാശ്വാസമായിരുന്നു പൃഥ്വിയുടെ മുഖത്ത്. തനിക്കുമേലുള്ള മലയാളികളുടെ ഇഷ്ടക്കേടുകളെല്ലാം അലിഞ്ഞുതീരുന്നതിന്‍റെ ആഹ്ലാദനിമിഷമായിരുന്നു പൃഥ്വിക്ക് ഇത്. അതുകൊണ്ടായിരിക്കാം പതിവ് വലിഞ്ഞുമുറുകലിന്‍റെ ക്ലേശമില്ലാതെ പൃഥ്വി ചാനല്‍ ക്യാമറകളെ അഭിമുഖീകരിച്ചു.

“ഈ അവാര്‍ഡ് ഞാന്‍ ജെ സി ഡാനിയലിന് സമര്‍പ്പിക്കുന്നു. സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകള്‍ തിയേറ്ററുകളിലും സ്വീകരിക്കപ്പെട്ടതാണ്. അതാണ് എനിക്കേറ്റവും സന്തോഷം. ഈ അവാര്‍ഡ് എനിക്കൊരു ബോണസാണ്. മറ്റേതു സിനിമയെയും സമീപിക്കുന്നതുപോലെയേ ഞാന്‍ ഈ ചിത്രങ്ങളെയും സമീപിച്ചിട്ടുള്ളൂ. ഈ സിനിമകളിലെ എന്‍റെ അഭിനയം നന്നായിട്ടുണ്ടെങ്കില്‍ ഇതിന്‍റെ എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും കൂടിയാണ് അതിന്‍റെ ക്രെഡിറ്റ്” - പൃഥ്വിരാജ് പറയുന്നു.

2006ല്‍ ‘വാസ്തവം’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് നേടിയതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ കണ്ട പൃഥ്വിരാജിനെയല്ല ഇന്ന് കാണാനായത്. പൃഥ്വി ഏറെ മാറിയിരിക്കുന്നു. പക്വത വന്നിരിക്കുന്നു. നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും. വളരെ സെന്‍സിബിളായി സംസാരിക്കുന്ന ചെറുപ്പക്കാരനെന്ന ഇമേജ് വളരെ മുമ്പേ പൃഥ്വിക്കുള്ളതാണ്. എന്നാല്‍ എടുത്തുചാട്ടമെന്നോ അഗ്രസീവ്നെസെന്നോ ഒക്കെ വിളിക്കാവുന്ന മാനറിസങ്ങളും പൃഥ്വിയുടെ ഭാഗമായിരുന്നു. തൂവല്‍ കൊഴിയുന്നതുപോലെ, അത്തരം ഏച്ചുകെട്ടലുകള്‍ അഴിഞ്ഞുപോയ പൃഥ്വിയാണ് ഇപ്പോഴുള്ളത്. കൂടുതല്‍ ക്ലാരിറ്റിയുള്ള വ്യക്തിത്വം.

താന്തോന്നി, ഹീറോ, സിംഹാസനം, ത്രില്ലര്‍, തേജാഭായ് ആന്‍റ് ഫാമിലി തുടങ്ങിയ സിനിമകളല്ല തന്നില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന തിരിച്ചറിവ് ഇപ്പോഴെങ്കിലും പൃഥ്വിരാജിന് ഉണ്ടായിക്കാണണം. നല്ല തിരക്കഥകള്‍ തെരഞ്ഞെടുത്ത് നല്ല സിനിമകളുടെ ഭാഗമാകാനുള്ള നിശ്ചയദാര്‍ഢ്യം ഇനിയെങ്കിലും പൃഥ്വി കാണിക്കുമെന്ന് പ്രതീക്ഷിക്കാം.

ഫേസ്ബുക്കും ട്വിറ്ററും നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഒരു വര്‍ഷം മുമ്പ്, പൃഥ്വിയെ സംബന്ധിച്ച് എന്തെങ്കിലും ഒരു വാര്‍ത്ത വന്നാല്‍ ഫേസ്ബുക്കില്‍ പൃഥ്വിവിരുദ്ധരുടെ കോലാഹലമായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഏവരും പൃഥ്വിരാജിനെ അഭിനന്ദിക്കുകയാണ്. സ്നേഹം പകര്‍ന്നുനല്‍കുകയാണ്. “പൃഥ്വിരാജില്‍ നിന്ന് ഇതാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതാണ് ഞങ്ങള്‍ കാത്തിരുന്ന നടന്‍” - അവര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :