അഭിറാം മനോഹർ|
Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (14:57 IST)
മലയാളസിനിമയില്‍ സമീപകാലത്തായി യുവ സംവിധായകര്‍ക്കൊപ്പം കൗതുകമുയര്‍ത്തുന്ന സിനിമകളിലാണ് മെഗാതാരം മമ്മൂട്ടി അഭിനയിക്കുന്നത്. സമീപകാലത്ത മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത ഭീഷ്മപര്‍വ്വം, പുഴു,നന്‍പകല്‍ മയക്കം, റോഷാക്ക് എന്നീ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന കാതല്‍,ബസൂക്ക,കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളില്‍ അധികവും പുതുമുഖ സംവിധായകര്‍ക്കൊപ്പം ചെയ്യുന്ന വ്യത്യസ്തമായ ചിത്രങ്ങളാണ്.
ഏറ്റവും ഒടുവില്‍ ഭൂതക്കാലം എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച രാഹുല്‍ സദാശിവന്റെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. രാഹുല്‍ സദാശിവന്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന
സിനിമ ഏറെ ദുരൂഹതയാര്‍ന്ന പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണെന്നാണ് സൂചന. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിലൂടെ ഭ്രമാത്മകമായ ലോകം സൃഷ്ടിച്ച ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കുന്നത് എന്നതും ചിത്രത്തെ പറ്റിയുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്നു. ചിത്രത്തെ പറ്റിയുള്ള സൂചനകള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം ക്രൂരനായ ഒരു ദുര്‍മന്ത്രവാദിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ കഥാപാത്രം നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരാളാണെന്നാണ് കേരള കൗമുദിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍,അമാല്‍ഡ ലിസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കൊച്ചിയും ഒറ്റപ്പാലം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.