രേണുക വേണു|
Last Modified ശനി, 4 ഡിസംബര്‍ 2021 (15:45 IST)
ന്യൂ ജനറേഷന്റെ പള്‍സ് അറിഞ്ഞ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ രണ്ട് സിനിമകള്‍ കൊണ്ട് ഏറെ ആരാധകരെയാണ് അല്‍പോണ്‍സ് പുത്രന്‍ ഉണ്ടാക്കിയെടുത്തത്. ഇപ്പോള്‍ ഇതാ അല്‍ഫോണ്‍സിന്റെ മൂന്നാം സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയെ കുറിച്ച് പുതിയൊരു അപ്‌ഡേറ്റ് അല്‍ഫോണ്‍ പുത്രന്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിരിക്കുകയാണ്. ഒരു പുതുമയുമില്ലാത്ത സാധാരണ സിനിമയായിരിക്കും ഗോള്‍ഡ് എന്നും നേരവും പ്രേമവും പോലെ ആയിരിക്കില്ലെന്നുമാണ് അല്‍ഫോണ്‍സ് പുത്രന്റെ മുന്നറിയിപ്പ്. എന്നാല്‍, അല്‍ഫോണ്‍സ് പുത്രനെ വിശ്വസിക്കാന്‍ ആരാധകര്‍ തയ്യാറല്ല. കാരണം വേറൊന്നുമല്ല, നേരത്തെ പ്രേമം ഇറങ്ങുമ്പോഴും അല്‍ഫോണ്‍സ് പുത്രന്‍ ഇതു തന്നെയാണ് പറഞ്ഞത്. അന്നത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഗോള്‍ഡിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഗോള്‍ഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.
ഈ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്. 'ഇത് തന്നെയല്ലേ താന്‍ പ്രേമം ഇറങ്ങുമ്പോഴും പറഞ്ഞത്' എന്നാണ് പലരുടേയും ചോദ്യം.
പ്രേമം ഇറങ്ങുന്നതിനു മുന്‍പ് അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയിലായി. ഈ പടത്തിന്റെ നീളം രണ്ട് മണിക്കൂറും 45 മിനിറ്റുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്. ചെറുതും വലുതുമായി 17 പുതുമുഖങ്ങള്‍ ഈ പടത്തിലുണ്ട്. അതല്ലാതെ വയറു നിറച്ച് പാട്ടുണ്ട് പടത്തില്‍...പിന്നെ രണ്ട് ചെറിയ തല്ലും. പ്രേമത്തില്‍ പ്രേമവും കുറച്ച് തമാശയും മാത്രമേ ഉണ്ടാവു..യുദ്ധം പ്രതീക്ഷിച്ച് ആരും ആ വഴി വരരുത്