മിന്നല്‍പ്പിണര്‍പോലെ മാഞ്ഞ ഖംബാട്ട

T SASI MOHAN|
പതിനഞ്ചാം വയസ്സില്‍ മിസ് ഇന്ത്യാ പട്ടം. തുടര്‍ന്ന് ഹോളിവുഡ് സിനിമയിലെ താരസുന്ദരി പദവി - പെര്‍സിസ് ഖംബാട്ട എന്ന ഇന്ത്യന്‍ സുന്ദരി ഇതെല്ലാം നേടിയത് 1970 കളിലാണെന്നതാണ് ആശ്ഛര്യം. 47-ാം വയസ്സില്‍ ഹൃദയാഘാതം മൂലം മരിച്ച ഖംബാട്ടയുടെ ചരമദിനമാണ് ഓഗസ്റ്റ് 18.

തല മൊട്ടയടിച്ച് ഹോളിവുഡ് സിനിമയില്‍ പ്രത്യക്ഷപ്പെട്ട ഖംബാട്ട അക്കാലത്ത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1950 ഒക്ടോബര്‍ രണ്ടിന് ബോംബെയിലാണ് ഖംബാട്ടയുടെ ജനനം. മിസ് ഇന്ത്യാ പദവി നേടിയതിനെത്തുടര്‍ന്ന് ഹോളിവുഡ് സിനിമയില്‍ നിന്ന് ഈ സുന്ദരിയെത്തേടി ക്ഷണമെത്തി.

1975ല്‍ "ദ വില്‍ബി കോണ്‍പ്പിറസി 'യില്‍ ചെറിയൊരു വേഷത്തോടെയായിരുന്നു അരങ്ങേറ്റമെങ്കിലും ചിത്രത്തിന്‍റെ വിജയം ഖംബട്ടയെ ശ്രദ്ധേയമാക്കി. മോഷന്‍ പിക്ചര്‍ (1979), ഹൈറ്റ് ഹാക്സ് (1982), മെഗാഫോഴ്സ് (1982) എന്നിങ്ങനെ നിരവധി ഹിറ്റു ചിത്രങ്ങളിലൂടെ ഖംബാട്ട ആരാധക ശ്രദ്ധ നേടി.

റിവ്ലോണ്‍ ഉള്‍പ്പടെ പല പ്രശസ്ത കമ്പനികളുടെയും മോഡലായി. അമേരിക്കയിലെ ടി.വി. ഷോകളില്‍ അതിഥിയായെത്തി. 1980കളുടെ ഒടുവില്‍ ഖംബാട്ടയുടെ ഹൃദയത്തിന് ബൈപ്പാസ് വേണ്ടി വന്നു. ലൂയിസ് ആന്‍റ് ക്ളര്‍ക്ക് : ദ ന്യൂ അഡ്വഞ്ചേഴ്സ് ഓഫ് സൂപ്പര്‍മാന്‍ എന്ന പരമ്പരയുടെ ഒരു ഭാഗത്ത് ഇന്ത്യന്‍ അംബാസിഡറായി എത്തുന്നതാണ് അവര്‍ ചെയ്ത ഒടുവിലത്തെ വേഷം.

മരണത്തിന് ഒരു വര്‍ഷം മുമ്പ് പ്രൈസ് ഓഫ് ഇന്ത്യ എന്ന അനുഭവക്കുറിപ്പുകള്‍ പഴയ മിസ് ഇന്ത്യയായ ഖംബാട്ട പുറത്തിറക്കി. ഈ പുസ്തകത്തിന്‍റെ മുഴുവന്‍ വരുമാനവും മദര്‍ തെരേസയുടെ മിഷണറി ഓഫ് ചാരിറ്റിക്ക് അവര്‍ സംഭാവന ചെയ്തു.

നെഞ്ചുവേദനയെത്തുടര്‍ന്ന് 1998 ഓഗസ്റ്റ് 18ന് ബോംബെയിലെ മറൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഖംബാട്ടിനെ മരണം തട്ടിയെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :