പ്രിയദര്‍ശന്‍റെ സിനിമകള്‍ ഉത്സവം പോലെയാണ്. ചിരിയുടെയും അല്പം നൊമ്പരത്തിന്‍റെയും മേമ്പൊടിയില്‍ കഥ പറയുന്നു. തിയേറ്ററുകളില്‍ ആളും ആരവവും. ഈ ആരവത്തിന്‍റെ ഭാഗമായി ഒരിക്കല്‍ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു.
പ്രിയദര്‍ശന്‍റെ സിനിമകള്‍ കാണാന്‍ തിയേറ്ററിനു മുന്നില്‍ ആവേശത്തോടെ ക്യൂവില്‍ നിന്നവന്‍. മോഹന്‍ലാലിന്‍റെ തമാശകള്‍ കണ്ട് സ്വയം മറന്നു പൊട്ടിച്ചിരിച്ചവന്‍. മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സ്വയം കല്പിച്ചു നോക്കി "കണ്ണാടിപ്രകടനം' നടത്തിയവന്‍... ഗോപാലകൃഷ്ണന്‍റെ ജീവിതയാത്രയുടെ തുടക്കം അവിടെയായിരുന്നു.
ഇന്ന് ഗോപാലകൃഷ്ണന് പേര് ദിലീപ് എന്നാണ്. പ്രിയദര്‍ശന്‍റെ വെട്ടം എന്ന സിനിമയില്‍ നായക വേഷം കെട്ടി മനസ്സിലെ ആഗ്രഹം സത്യമാക്കിയവന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഏറ്റവും മികച്ച ആക്ഷന്‍ കഥാപാത്രങ്ങളെ നല്‍കിയ ജോഷിയുടെ മെഗാഹിറ്റ് ചിത്രത്തില്‍ ആക്ഷന്‍ ഹീറോയായി കസറിയവന്‍.
വിജയങ്ങള്‍ വെട്ടിപ്പിടിച്ചവനാണ് ദിലീപ്. സൂപ്പര്‍സ്റ്റാറിന്‍റെ സിംഹാസനം ബുദ്ധിയും കഴിവും കൊണ്ട് പിടിച്ചെടുത്ത താരം. ഈ പതിറ്റാണ്ടിന്‍റെ താരമെന്ന് ദിലീപിനെ വിശേഷിപ്പിച്ചത് മലയാള സിനിമയിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറാണ്.