‘സരോജ്കുമാറി’ന്‍റെ സംവിധായകന് കഴിവില്ല, 75 ലക്ഷം നഷ്ടമുണ്ടാക്കി!

WEBDUNIA|
PRO
‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ എന്ന സിനിമയുയര്‍ത്തിയ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സിനിമ മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ ചിത്രത്തിന്‍റെ സംവിധായകനും ക്യാമറാമാനുമെതിരെ നിര്‍മ്മാതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘സരോജ്കുമാറി’ന്‍റെ സംവിധായകനായ സജിന്‍ രാഘവന്‍ കഴിവില്ലാത്തയാളാണെന്നും അങ്ങനെയുള്ളയാള്‍ ഈ സിനിമ ഏറ്റെടുക്കാതിരിക്കുകയാണ് വേണ്ടിയിരുന്നതെന്നും നിര്‍മ്മാതാവ് വൈശാഖ് രാജന്‍ ആരോപിക്കുന്നു. തനിക്ക് ഈ ചിത്രം പറ്റില്ലെന്ന് തോന്നിയാല്‍ ആ സിനിമ ഏറ്റെടുക്കാന്‍ പാടില്ല. അതുചെയ്യാതെ തന്നെ ചതിക്കുകയാണ് സംവിധായകന്‍ സജിന്‍ രാഘവന്‍ ചെയ്തത്. ക്യാമറാമാന്‍ എസ് കുമാര്‍ അതിന് കൂട്ടുനിന്നു - വൈശാഖ് രാജന്‍ ആരോപിച്ചു.

“അമ്പത് ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകേണ്ട സിനിമയായിരുന്നു പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍. സിനിമ പൂര്‍ത്തിയാകാന്‍ പക്ഷേ 72 ദിവസങ്ങളെടുത്തു. ഇതുമൂലം എനിക്ക് നഷ്ടം 75 ലക്ഷം രൂപയാണ്. ഡിസംബറില്‍ ഇറങ്ങേണ്ടിയിരുന്ന സിനിമയാണിത്. പ്രൊജക്ട് നീട്ടിക്കൊണ്ടുപോകാന്‍ സംവിധായകന്‍ കൂട്ടുനിന്നത് ക്യാമറാമാന്‍ എസ് കുമാറാണ്” - വൈശാഖ് രാജന്‍ ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നായകനുമായ ശ്രീനിവാസന് ഈ സംഭവവുമായി ബന്ധമില്ലെന്നും ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ശ്രീനിയാണെന്നും നിര്‍മ്മാതാവ് പറഞ്ഞു. എന്തായാലും ഈ സിനിമ ഇരുപത്തഞ്ചാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ചിത്രത്തിന്‍റെ എല്ലാ പരസ്യങ്ങളില്‍ നിന്നും സംവിധായകന്‍റെയും ക്യാമറാമാന്‍റെയും പേരുകള്‍ നീക്കം ചെയ്യുമെന്ന് വൈശാഖ് രാജന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :