സിദ്ദിക്ക് വല്യ ഡയറക്ടറല്ലേ, ‘സിദ്ദിക്ക്‌ലാല്‍’ ഇനി വരില്ല!

WEBDUNIA|
PRO
‘കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - സിദ്ദിക്ക്‌ലാല്‍’ എന്ന് ഇനി ഒരിക്കല്‍ കൂടി സ്ക്രീനില്‍ തെളിയുമോ?. വര്‍ഷങ്ങളായി മലയാളികളുടെ മനസില്‍ ഉയരുന്ന ചോദ്യമാണ്. റാഫി - മെക്കാര്‍ട്ടിനെപ്പോലെയോ, സിബി - ഉദയനെപ്പോലെയോ, സഞ്ജയ് - ബോബിയെപ്പോലെയോ അല്ല മലയാളികള്‍ക്ക് സിദ്ദിക്ക്‌ലാല്‍. ഈ രണ്ട് താടിക്കാര്‍ മലയാളികളെ ചിരിപ്പിച്ച് ചിന്തിപ്പിച്ചവരാണ്. മലയാള സിനിമയില്‍ കോമഡിയുടെ അവസാനവാക്ക് അവര്‍ തന്നെയാണ്. അതിന് ഇനി ആര് അവകാശവാദമുന്നയിച്ചാലും.

അഞ്ച് സിനിമകളാണ് സിദ്ദിക്ക്‌ലാല്‍ സംവിധാനം ചെയ്തത്. റാംജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സിനിമകള്‍. ഇവയെല്ലാം തകര്‍ത്തോടിയവ. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തവ. ഈ സിനിമകള്‍ സൃഷ്ടിച്ച ഹ്യൂമര്‍ ഇം‌പാക്ട് ഇന്നും മലയാളികളെ ആവേശം കൊള്ളിക്കുന്നു.

‘സിദ്ദിക്ക്‌ലാല്‍’ ടീം വീണ്ടും ഒരു സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ‘സാധ്യതയില്ല’ എന്ന് ഉറപ്പിച്ചുപറയുന്നത് ലാല്‍ തന്നെയാണ്.

“സിദ്ദിക്ക്‌ലാല്‍ വീണ്ടും സംഭവിക്കില്ലെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അതിനുള്ള സാധ്യതകള്‍ വളരെ കുറവാണ്. സിദ്ദിക്ക് ഇന്ന് ബോളിവുഡിലെ വലിയ സംവിധായകനാണ്. വളരെ തിരക്കിലാണ്. സിദ്ദിക്കും ലാലും ഒരുമിച്ച് ചെയ്യേണ്ട സിനിമയാണ് എന്ന് പൂര്‍ണമായും നിശ്ചയമുള്ള ഒരു പ്രൊജക്ടിന് വേണ്ടിയേ ഞങ്ങള്‍ ഒരുമിക്കൂ. ഇപ്പോഴത്തെ അവസ്ഥയില്‍ അതിനുള്ള സാധ്യതയില്ല” - ലാല്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :