മലയാളത്തില്‍ തുടങ്ങി, തെലുങ്കില്‍ നിര്‍ത്തുന്ന നയന്‍സ്!

പ്രഭു ഉത്തരവിട്ടു, നയന്‍‌താര അഭിനയം നിര്‍ത്തി

WEBDUNIA|
PRO
സത്യന്‍ അന്തിക്കാട് സിനിമയായ മനസിനക്കരെയിലൂടെ സിനിമാരംഗത്തേക്ക് വന്ന നയന്‍‌താര ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന തെലുങ്ക് സിനിമയായ രാമരാജ്യത്തോടെ അഭിനയജീവിതത്തിന് ‘ഫുള്‍ സ്റ്റോപ്പി’ടുന്നു. താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഭാവി വരനായ പ്രഭുദേവയ്ക്ക് ഇഷ്ടമില്ല എന്നും ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ അഭിനയം നിര്‍ത്തുന്നതെന്നുമാണ് നയന്‍‌താര പറയുന്നത്. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് നയന്‍‌താര അഭിനയരംഗം വിടുന്നതിനെ പറ്റി വെളിപ്പെടുത്തിയത്.

“ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് പ്രഭുവിന് ഇഷ്ടമല്ല. ഇനി സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല എന്ന് പ്രഭു ഉത്തരവിട്ടു. ഞാനത് സന്തോഷത്തോടെ സമ്മതിച്ചു. ജൂണ്‍ മാസം ഞങ്ങളുടെ വിവാഹമാണ്. അതിന് ശേഷം ഞാനൊരിക്കലും ക്യാമറയ്ക്ക് മുന്നില്‍ നില്‍‌ക്കില്ല. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രാമരാജ്യം എന്ന സിനിമയായിരിക്കും എന്റെ അവസാന സിനിമ. ഇതൊരു പുണ്യപുരാണ സിനിമയാണ്. സീതാദേവിയുടെ വേഷമാണ് എനിക്കിതില്‍.”

“ഭാരതമൊട്ടുക്ക് ആരാധിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു പുണ്യ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയം നിര്‍ത്തുന്നതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഞാന്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറ്റവും മികച്ചതായിരിക്കും രാമരാജ്യത്തിലെ സീതാവേഷം. എന്റെ അഭിനയശേഷിയെന്തെന്ന് നിങ്ങള്‍ക്ക് ഈ സിനിമയില്‍ കണ്ടറിയാം. പത്മഭൂഷന്‍ ലഭിച്ചിട്ടുള്ള നാഗേശ്വരറാവുവും ഈ ചിത്രത്തിലുണ്ട്. വാത്മീകി മഹര്‍ഷിയുടെ വേഷമാണ് നാഗേശ്വരറാവുവിന്.”

“പ്രഭുവിനും എനിക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കാന്‍ തുടങ്ങി എന്ന രീതിയില്‍ പ്രചരിക്കുന്ന ചില വാര്‍ത്തകള്‍ ഞാന്‍ നെറ്റില്‍ വായിച്ചു. ആരാണ് ഇത്തരം കഥയൊക്കെ പടച്ചുണ്ടാക്കി വിടുന്നതെന്ന് അറിയില്ല. എന്തൊക്കെ വാര്‍ത്തകള്‍ വന്നാലും ഞാനൊട്ടും ‘ബോതേഡ്’ അല്ല. രാമരാജ്യം അവസാനിപ്പിച്ചാല്‍ ഞങ്ങളുടെ വിവാഹം നടക്കും. വിവാഹശേഷം നല്ല ഭാര്യയായി, നല്ല വീട്ടമ്മയായി കഴിയാനാ‍ണ് എന്റെ ആഗ്രഹം.”

“തമിഴകത്തില്‍ ഇപ്പോള്‍ തകര്‍ത്തോടുന്ന ‘കാവലന്‍’ എന്ന സിനിമയുടെ ഒറിജിനല്‍ പതിപ്പായ ബോഡീഗാര്‍ഡില്‍ നായികയായി അഭിനയിച്ചത് ഞാനാണ്. കാവലനില്‍ അഭിനയിക്കാന്‍ വിജയ്‌യും സംവിധായകന്‍ സിദ്ദിക്കും എന്നെ വിളിച്ചതാണ്. അഭിനയരംഗം വിടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നതിനാല്‍ ഞാന്‍ ആ ‘ഓഫര്‍’ വേണ്ടെന്ന് വച്ചു. പിന്നീട് ആ സിനിമയില്‍ നായികയായി അഭിനയിച്ചത് എന്റെ സുഹൃത്തായ അസിനാണ്” - നയന്‍‌താര പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :