'മഞ്ഞുപോലൊരു പെണ്‍കുട്ടി'യില്‍ പറ്റിയ അബദ്ധം ‘22 ഫീമെയിലി’ല്‍ തിരുത്തി!

WEBDUNIA|
PRO
‘22 ഫീമെയില്‍ കോട്ടയം’ മലയാളി പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സിനിമയാണ്. ‘സോള്‍ട്ട് ആന്‍റ് പെപ്പര്‍’ എന്ന ഫീല്‍ഗുഡ് മൂവിക്ക് ശേഷം ആഷിക് അബു ഇങ്ങനെയൊരു ചിത്രവുമായി എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആ അപ്രതീക്ഷിത നീക്കത്തിനുള്ള അംഗീകാരമായിരുന്നു ആ സിനിമ നേടിയ മഹാവിജയം.

പ്രേക്ഷകരെ അലോസരപ്പെടുത്തുന്ന കഥകള്‍, ഓര്‍ക്കുമ്പോഴൊക്കെ അസ്വസ്ഥമാക്കുന്ന കഥകള്‍ ഇതേ പോലെ എപ്പോഴും സ്വീകരിക്കപ്പെട്ടുകൊള്ളണമെന്നില്ല. നവംബറിന്‍റെ നഷ്ടം, നീ വരുവോളം, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഭൂതക്കണ്ണാടി തുടങ്ങിയ സിനിമകള്‍ ഉദാഹരണം. ഇവയൊക്കെ ഷോക്കിംഗായ സബ്ജക്ടുകള്‍ ചര്‍ച്ച ചെയ്തു. നിരൂപക പ്രശംസ നേടി. എന്നാല്‍ ‘22 ഫീമെയില്‍ കോട്ടയം’ നേടിയ തിയേറ്റര്‍ വിജയം ആ സിനിമകള്‍ക്കൊന്നും ലഭിച്ചില്ല. സംവിധായകന്‍ ആഷിക് അബു പറയുന്നത് കേള്‍ക്കൂ:

“22 ഫീമെയില്‍ കോട്ടയം എന്ന സിനിമയെക്കുറിച്ച് എനിക്ക് പ്രതീക്ഷയായിരുന്നു. എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ. എന്നും ഒരേവഴിയില്‍ സിനിമ എടുക്കുന്നതിനോട്‌ എനിക്കു താല്‍പര്യമില്ല. 'മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന ചിത്രം വ്യത്യസ്‌തമായി പറയാന്‍ ശ്രമിച്ച കഥയാണ്‌. പക്ഷേ കൊമേഴ്‌സ്യല്‍ സിനിമയുടെ ചേരുവചേര്‍ത്തു കഥയുടെ ഗൗരവം കുറച്ചു. അതുകൊണ്ട്‌ ആ സിനിമയുടെ കഥയ്ക്ക് ലക്‍ഷ്യത്തിലെത്താന്‍ കഴിയാതെപോയി. കമല്‍സാറിന്‍റെ അസിസ്‌റ്റന്‍റായി എന്‍റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്‌. ആ അനുഭവം കൊണ്ടാവണം, കഥയുടെ ഗൗരവം കഥ പറച്ചിലിലൂടെ നഷ്‌ടമാകരുതെന്ന്‌ ഞാനാഗ്രഹിച്ചിരുന്നു” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആഷിക് അബു പറയുന്നു.

“22 ഫീമെയിലിന്‍റെ കഥ നാലുവര്‍ഷം മുമ്പേ മനസില്‍ തോന്നിയതാണ്‌. അന്ന്‌ ഈ കഥ സിനിമയാക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല” - ആഷിക് അബു വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കാണാന്‍ പറ്റിയ ചിത്രമല്ല 22 ഫീമെയില്‍ കോട്ടയം എന്ന് ചില കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. “കുട്ടികള്‍ക്കു കാണാന്‍ പറ്റാത്തതായി എന്തെങ്കിലുമൊന്ന് ഈ സിനിമയില്‍ ഉള്ളതായി തോന്നിയിട്ടില്ല. ഇതിനേക്കാള്‍ അശ്ലീലവും ദ്വയാര്‍ത്ഥപ്രയോഗങ്ങളും തമാശയ്‌ക്കുവേണ്ടി കാണിച്ച സിനിമകള്‍ ഫാമിലി എന്‍റര്‍ടെയ്‌നറുകളായി വരുന്നുണ്ട്‌. ഈ സിനിമയ്‌ക്കൊപ്പം ഓടിയ ചില സിനിമകള്‍പോലും അത്തരത്തില്‍ പെട്ടതായിരുന്നു” - ആഷിക് അബു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :