സ്വന്തം ജീവന്‍ ബലികഴിച്ച് പ്രേമിച്ചവനെ മരണത്തില്‍ നിന്ന് രക്ഷിക്കുന്ന 'വെയിലി'ലെ നായികയെ തെന്നിന്ത്യ മറന്നിട്ടില്ല. "ഉരുകുതേ.. മറുഗുതേ.." എന്ന ഗാനം ചാനലുകളില്‍ പ്രേക്ഷകരുടെ ഇഷ്ടഗാന പട്ടികയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. മലയാളത്തില്‍ സീരിയല്‍ അഭിനയവുമായി നടക്കുമ്പോഴാണ് വിടര്‍ന്ന കണ്ണുകളുള്ള പ്രിയങ്കയെ തേടി 'വെയിലി'ലെ മികച്ച അവസരം എത്തുന്നത്.
മലയാളത്തിലെ കന്നിചിത്രം 'കിച്ചാമണി എം ബി എ'യില്‍ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു എങ്കിലും തമിഴിലെ അരങ്ങേറ്റം പ്രിയങ്കയിലെ നടിക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു. ടെലിവിഷന്‍ അവതാരകവേഷത്തില്‍ നിന്ന് സീരിയലുകളിലേക്കും അവിടെ നിന്ന് സിനിമയിലും എത്തിയ പ്രിയങ്ക ഇപ്പോള്‍ ടി വി ചന്ദ്രന്‍റെ പ്രിയപ്പെട്ട നടിയായിരിക്കുന്നു. ‘വിലാപങ്ങള്‍ക്ക് അപ്പുറത്തിലെ’ നായികയായ പ്രിയങ്ക അടുത്ത ടി വി ചന്ദ്രന്‍ ചിത്രത്തിലും അഭിനയിക്കുന്നു. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ‘വിലാപങ്ങള്‍ക്ക് അപ്പുറ’ത്തിലെ ഗുജറാത്ത് കൂട്ടക്കുരുതിയുടെ ഇരയായ സാഹിറ എന്ന് പ്രിയങ്ക പറയുന്നു.
? ടി വി ചന്ദ്രനൊപ്പമുള്ള ആദ്യ ചിത്രത്തിലെ അനുഭവത്തെ കുറിച്ച്
‘വിലാപങ്ങള്‍ക്ക് അപ്പുറ’ത്തിലെ സാഹിറ എനിക്ക് ലഭിച്ച മികച്ച കഥാപാത്രം മാത്രമല്ല, ജീവിതത്തെ കുറിച്ച്, രാജ്യത്തെ കുറിച്ച് എന്നെ ഏറെ ബോധ്യപ്പെടുത്തിയ കഥാപാത്രമാണ്. സാഹിറയെ പോലെ എന്നെ ഇതുപോലെ ബാധിച്ച കഥാപാത്രങ്ങളില്ല.
? എന്തായിരുന്നു സാഹിറക്ക് വേണ്ടിയുള്ള തയ്യാറെടുപ്പ്
രണ്ട് തമിഴ് ചിത്രങ്ങള്‍ ഉപേക്ഷിച്ചാണ് ഞാന്‍ ‘വിലാപങ്ങള്‍ക്ക് അപ്പുറ’ത്തില്‍ അഭിനയിച്ചത്. ‘വിലാപങ്ങള്‍ക്ക് അപ്പുറം’ ഷൂട്ട് ചെയ്യുമ്പോള്‍ മറ്റ് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ല, അത് സംവിധായകന് ഞാന്‍ നല്‌കിയ ഉറപ്പായിരുന്നു. സാഹിറക്ക് വേണ്ടി സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു. പിന്നെ തിരക്കഥ വീണ്ടും വീണ്ടും വായിച്ച് കഥാപാത്രത്തെ അടുത്തറിഞ്ഞു.
? സാഹിറ നല്‌കിയ അനുഭവം എന്തായിരുന്നു
ജീവിതത്തെ കുറിച്ച് ഒരു പാട് കാര്യങ്ങള്‍ എന്നെ സാഹിറ ബോധ്യപ്പെടുത്തി. നമുക്ക് ചുറ്റും ആരെല്ലാം ഉണ്ടെങ്കിലും ഈ ലോകത്ത് ആരും സുരക്ഷിതരല്ലെന്ന് സാഹിറയുടെ അനുഭവത്തില്‍ നിന്ന് എനിക്ക് ബോധ്യമായി. ജീവിതത്തിലെ പ്രശ്‌നങ്ങളോട് സാഹിറയെ പോലെ ധൈര്യത്തോടെ പ്രതികരിക്കാനാകുമോ എന്നനിക്കറിയില്ല. ജീവിത്തിന്‍റെ ഭീകരമായ യാഥാര്‍ത്ഥ്യങ്ങളെ നേര്‍ക്കു നേര്‍ കണ്ട നിരവധി സ്‌ത്രീകളെ സിനിമക്ക് വേണ്ടി പരിചയപ്പെടാന്‍ എനിക്ക് കഴിഞ്ഞു.