ത്രീ ഇഡിയറ്റ്സ് കളക്ഷന്‍ 315 കോടി!

WEBDUNIA|
PRO
ഗജിനിയുടെ 260 കോടി കളക്ഷന്‍ ഇനി പഴങ്കഥ. ക്രിസ്മസിന് റിലീസ് ചെയ്ത ‘ത്രീ ഇഡിയറ്റ്സ്’ ബോക്സോഫീസില്‍ അത്ഭുതം സൃഷ്ടിക്കുകയാണ്. വെറും 19 ദിവസം കൊണ്ട് 315 കോടി രൂപയാണ് ഈ സിനിമ കളക്ഷന്‍ നേടിയിരിക്കുന്നത്. 45 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഇഡിയറ്റ്സ് ഇന്ത്യന്‍ സിനിമയുടെ ബോക്സോഫീസ് ചരിത്രം തന്നെ തിരുത്തിക്കുറിക്കുകയാണ്.

“ത്രീ ഇഡിയറ്റ്സ് ഇത്തരമൊരു വലിയ വിജയം നേടിയതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇത്ര മികച്ച രീതിയില്‍ ഈ സിനിമ ഒരുക്കിയതിന് രാജ് കുമാര്‍ ഹിറാനിയോട് നന്ദിയുണ്ട്. നിര്‍മ്മാതാവ് എന്ന നിലയില്‍ വിധു വിനോദ് ചോപ്രയും വിതരണം നിര്‍വ്വഹിച്ച റിലയന്‍സ് ബിഗ് പിക്ചേഴ്സും മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്” - ത്രീ ഇഡിയറ്റ്സിലെ നായകന്‍ അമീര്‍ ഖാന്‍ പറയുന്നു.

“ഞാന്‍ ത്രില്ലടിച്ചിരിക്കുകയാണ്. ലോകമെമ്പാടും അറുപത് ദശലക്ഷത്തിലേറെ ആളുകള്‍ ത്രീ ഇഡിയറ്റ്സ് കണ്ടുകഴിഞ്ഞു. ഏറ്റവും മികച്ച രീതിയില്‍ സിനിമ ചെയ്യുക, വിജയം പിന്നാലെ വന്നുചേരും എന്ന തത്വം ഇവിടെ സത്യമാകുകയാണ്” - നിര്‍മ്മാതാവ് വിധു വിനോദ് ചോപ്ര സന്തോഷം അടക്കി വയ്ക്കുന്നില്ല.

ഈ സിനിമ എത്ര കോടി രൂപ കളക്ഷന്‍ നേടുമെന്ന് സിനിമാ വ്യവസായത്തിലെ വിദഗ്ധര്‍ക്കു പോലും പ്രവചിക്കാനാവുന്നില്ല. ഇതിന്‍റെ വിജയം ‘അണ്‍സ്റ്റോപ്പബിള്‍’ ആണെന്നാണ് അവര്‍ പറയുന്നത്. അമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാകിസ്ഥാന്‍, കെനിയ, ഫിജി, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ത്രീ ഇഡിയറ്റ്സ് നേടിയിരിക്കുന്നത്. യു കെ ബോക്സോഫീസില്‍ ഈ ചിത്രം ടോപ് 10 പട്ടികയില്‍ ഇടം പിടിച്ചുകഴിഞ്ഞു.

അമീര്‍ഖാനെ കൂടാതെ മാധവന്‍, സര്‍മാന്‍ ജോഷി, കരീന കപൂര്‍ എന്നിവരാണ് ത്രീ ഇഡിയറ്റ്സിലെ താരങ്ങള്‍. ചേതന്‍ ഭഗത്തിന്‍റെ ‘ഫൈവ് പോയിന്‍റ്‌ സം‌വണ്‍’ എന്ന നോവലിനെ അധികരിച്ചാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. മുന്നാഭായ് എം ബി ബി എസ്, ലഗേ രഹോ മുന്നാഭായ് എന്നീ മെഗാഹിറ്റുകളുടെ സംവിധായകനാണ് രാജ് കുമാര്‍ ഹിറാനി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :