ജഗതിക്ക് ‘അമ്മ’ സാമ്പത്തിക സഹായം നല്‍കില്ല: ഇന്നസെന്‍റ്

WEBDUNIA|
PRO
വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മഹാനടന്‍ ജഗതി ശ്രീകുമാറിന്‍റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് വെല്ലൂരില്‍ നിന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടുമാസത്തിനകം ജഗതി പഴയ നിലയിലേക്കെത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. സംസാരശേഷി വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിനിടെ, ജഗതിക്ക് സിനിമാലോകത്തുനിന്ന് വേണ്ടരീതിയിലുള്ള സഹായം ലഭിക്കുന്നില്ല എന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ജഗതിയുടെ കാര്യങ്ങള്‍ തിരക്കുകയോ ആശുപത്രി സന്ദര്‍ശിക്കുകയോ സാമ്പത്തികസഹായം ആവശ്യമാണെങ്കില്‍ അതിനോ സിനിമലോകത്തുനിന്ന് വേണ്ട ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്നാണ് ആരോപണം.

ഇതേക്കുറിച്ച് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് ഇന്നസെന്‍റ് നിലപാട് വ്യക്തമാക്കി. “ജഗതിയെ സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ വീട്ടുകാരുണ്ട്‌. സാമ്പത്തിക സഹായം അമ്മയില്‍ നിന്ന് നല്‍കാന്‍ പറ്റില്ല. ജഗതിക്ക് മാത്രമായി പ്രത്യേകം ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാ മെമ്പര്‍മാര്‍ക്കും ചെയ്യുന്നതുപോലെയേ പറ്റൂ” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇന്നസെന്‍റ് വ്യക്തമാക്കി.

“അമ്മയിലെ അംഗങ്ങള്‍ക്ക് വ്യക്തിപരമായി ജഗതിയെ സഹായിക്കാം. ആവശ്യമുണ്ടെങ്കില്‍ അംഗങ്ങള്‍ സഹായിക്കാന്‍ തയ്യാറാണ്‌. പണത്തിന്‍റെ ആവശ്യം ഉണ്ടെങ്കില്‍ അറിയിക്കണമെന്നു ജഗതിയുടെ മകനെ വിളിച്ചു പറഞ്ഞിട്ടുണ്ട്‌. ലണ്ടനിലോ മറ്റോ ചികിത്സിക്കാന്‍ കൊണ്ടുപോകണമെങ്കില്‍ ഞങ്ങളെ അറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്” - ഇന്നസെന്‍റ് അറിയിച്ചു.

“താരങ്ങള്‍ എല്ലാവരും ഷൂട്ടിംഗ് തിരക്കിലായതുകൊണ്ട് ജഗതിയെ പോയി കാണാന്‍ കഴിഞ്ഞിട്ടില്ല. അടുത്തുതന്നെ ഞാന്‍ ജഗതിയെ കാണാന്‍ പോകുന്നുണ്ട്‌. എല്ലാ ദിവസവും ആശുപത്രിയുമായി ബന്ധപ്പെടാറുണ്ട്‌. ജഗതിയുടെ മകനേയും മരുമകനേയും വിളിച്ചു സംസാരിക്കാറുണ്ട്” - ഇന്നസെന്‍റ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :