ചിമ്പു - നല്ലവനുക്ക് നല്ലവന്‍!

WEBDUNIA|
PRO
കുറച്ചു നാള്‍ മുമ്പു വരെ, ചിലമ്പരശനെ പറ്റി അത്ര നല്ല അഭിപ്രായമായിരുന്നില്ല തമിഴ് സിനിമാലോകത്ത്. നയന്‍‌താരയുമായുള്ള പ്രശ്നങ്ങളും ഷൂട്ടിംഗ് സ്ഥലത്തുണ്ടാക്കുന്ന കുഴപ്പങ്ങളും ചിമ്പുവിന് ഒരു ‘മോശക്കാരന്‍’ ഇമേജാണ് സമ്മാനിച്ചിരുന്നത്. അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നു സ്വയം വിശേഷിപ്പിച്ച ചിമ്പുവിന്‍റെ ചില ചിത്രങ്ങള്‍ ബോക്സോഫീസില്‍ മൂക്കു കുത്തി വീണത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

എന്നാല്‍ ഇപ്പോഴിതാ തമിഴകത്തെ മെഗാ സംവിധായകന്‍ ഗൌതം വാസുദേവ് മേനോന്‍ പറയുന്ന വാക്കുകള്‍ കേട്ടാല്‍ ചിമ്പുവിനോളം നല്ലൊരു മനുഷ്യന്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ഗൌതമിന്‍റെ ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന സിനിമയില്‍ ചിമ്പുവും ത്രിഷയുമാണ് ജോഡി.

“ചിമ്പുവാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ സിനിമാലോകത്തെ പലരും അത് നിരുത്സാഹപ്പെടുത്താന്‍ നോക്കി. ഷൂട്ടിംഗ് തുടങ്ങി ആദ്യത്തെ പത്തു ദിവസം ചിമ്പു സമയത്തിനു വരും, പിന്നീട് അയാളെ ആറു മാസം കഴിഞ്ഞേ കാണാന്‍ കിട്ടൂ എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. വിണ്ണൈ താണ്ടി വരുവായാ ഞാന്‍ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. ചിമ്പുവിന്‍റെ ഭാഗത്തു നിന്ന് മികച്ച സഹകരണമാണ് ലഭിച്ചത്” - ഗൌതം പറയുന്നു.

ചിമ്പുവിന് നേരെ പലരും നടത്തുന്നത് കുപ്രചരണങ്ങളാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഗൌതമിന്‍റെ വാക്കുകള്‍. “മാള്‍ട്ടയിലാണ് വിണ്ണൈതാണ്ടി വരുവായായുടെ ഷൂട്ടിംഗ് കൂടുതലും നടന്നത്. രാവിലെ ആറു മണിക്കാണ് ചിത്രീകരണം എന്നു ഞാന്‍ പറഞ്ഞാല്‍ ചിമ്പു 5.45ന് അവിടെ എത്തിയിരിക്കും. ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ ചിമ്പു തയ്യാറായി. നല്ലൊരു ഡാന്‍സറായതുകൊണ്ട് അദ്ദേഹത്തിന് റിഹേഴ്സല്‍ പോലും പലപ്പോഴും ആവശ്യം വന്നില്ല. ചിമ്പുവിനൊപ്പം ഭാവിയില്‍ ഒട്ടേറെ പ്രൊജക്ടുകളില്‍ സഹകരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്” - ഗൌതം പറയുന്നു.

ചിലമ്പരശനെ ഒതുക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കൊക്കെ ഒരു മറുപടിയെന്നോണമാണ് ഗൌതം ഇത് പറയുന്നത്. വിണ്ണൈ താണ്ടി വരുവായാ നവംബറിലാണ് റിലീസ്. ആ ചിത്രത്തോടെ ചിലമ്പരശന്‍റെ കരിയറില്‍ ഒരു വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :