ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്ന് ഇന്നസെന്‍റിനെയും ഒഴിവാക്കി

WEBDUNIA|
PRO
ജോഷിച്ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്ന് തന്നെയും ഒഴിവാക്കിയിരുന്നെന്ന് അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് തിലകന്‍ പ്രശ്നത്തെക്കുറിച്ച് സംസാരിക്കവേ ആണ് ഇന്നസെന്‍റ് ഇക്കാര്യം പറഞ്ഞത്.

ചിത്രത്തില്‍ തനിക്കും റോളുണ്ടെന്നായിരുന്നു ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ആ‍ദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഒടുവിലാണ് താന്‍ ഇല്ലെന്ന് അറിഞ്ഞത്. ഒരു വേഷം നഷ്ടപ്പെട്ടാലും പോടാ‍ പുല്ലേ എന്ന് പറഞ്ഞ് പോകാന്‍ കഴിയുന്നവരായിരിക്കണം നടന്‍‌മാര്‍. അടുത്ത പടം വരുമെന്ന് കരുതണം. അല്ലാതെ ആ പടത്തില്‍ മാത്രം പിടിച്ചുതൂങ്ങി നില്‍ക്കുന്നത് ഒരു നടനെ സംബന്ധിച്ച് നല്ലതല്ല - ഇന്നസെന്‍റ് പറഞ്ഞു.

ചിത്രത്തിലഭിനയിക്കാന്‍ തനിക്ക് ഒഴിവുണ്ടാകുമോ എന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ റോളില്ലെന്നറിഞ്ഞിട്ടും ഒന്നും തോന്നിയില്ല. സമയമുള്ളപ്പോള്‍ മാത്രം സിനിമയില്‍ അഭിനയിക്കുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ഒരു വലിയ ആളാണ്. ആരെ അഭിനയിപ്പിക്കണമെന്ന് അയാളാണ് തീരുമാനിക്കുന്നത്. ഒരു നടനെ സിനിമ തുടങ്ങിയ ശേഷം പിരിച്ചുവിടാമെന്ന വ്യവസ്ഥ 'അമ്മ'യുടെ ബൈലോയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും വേണമെങ്കില്‍ ഇത് മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുതരാമെന്നും ഇന്നസെന്‍റ് പറഞ്ഞു.

ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട തന്നെ ഒരു സൂപ്പര്‍ താരത്തിന്‍റെ സമ്മര്‍ദ്ദഫലമായി ഒഴിവാക്കിയെന്ന തിലകന്‍റെ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാ രംഗത്ത് വിവാദത്തിന് തിരികൊളുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :