ആ സീനിന് ഞാന്‍ 120 ടേക്ക് എടുത്തു, പൃഥ്വി എന്നെ അഭിനന്ദിച്ചു; കുഞ്ചേട്ടന്‍ തകര്‍ന്നുപോയി!

റോഷന്‍ ആന്‍ഡ്രൂസ്, മുംബൈ പൊലീസ്, കായംകുളം കൊച്ചുണ്ണി, പൃഥ്വിരാജ്, കുഞ്ചന്‍, Rosshan Andrrews, Mumbai Police, Kayamkulam Kochunni, Prithviraj, Kunchan
BIJU| Last Modified ബുധന്‍, 24 ഒക്‌ടോബര്‍ 2018 (18:08 IST)
മലയാള സിനിമയിലെ പെര്‍ഫെക്ഷനിസ്റ്റായ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. അദ്ദേഹത്തില്‍ നിന്ന് ഗംഭീര ചലച്ചിത്രാനുഭവങ്ങള്‍ മലയാളിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കായംകുളം കൊച്ചുണ്ണി.

ബെസ്റ്റ് ഓഫ് റോഷന്‍ ആന്‍ഡ്രൂസ് എന്ന് തിരഞ്ഞെടുത്ത് ചിത്രങ്ങള്‍ അവതരിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും റോഷന്‍റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് പൃഥ്വിരാജും ജയസൂര്യയും റഹ്‌മാനും അഭിനയിച്ച ‘മുംബൈ പൊലീസ്’ ആയിരിക്കും.

മുംബൈ പൊലീസിലെ ഒരു രംഗം ഷൂട്ട് ചെയ്ത അനുഭവം റോഷന്‍ ആന്‍ഡ്രൂസ് കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്:

എനിക്ക് ഒരു ആക്ടറെ അഭിനയിപ്പിക്കുന്ന സമയത്ത് അവരുടെ ബെസ്റ്റ് എടുക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഒരു ഉദാഹരണം പറയാം, മുംബൈ പൊലീസിലെ പൊലീസ് പ്രതിജ്ഞ രംഗം. കുഞ്ചേട്ടനാണ് അഭിനയിക്കുന്നത്. തിയേറ്ററുകളില്‍ ഏറ്റവുമധികം കയ്യടി കിട്ടിയ സീനാണ് ആ ഓത്ത് രംഗം.

ഞാന്‍ ആ രംഗത്തിന് 120 ടേക്കാണ് എടുത്തത്. രാവിലെ ഏഴുമണി മുതല്‍ 11.30 വരെയാണ് ആ രംഗം എടുത്തത്. 120 ടേക്കുകള്‍. ആ രംഗത്തില്‍ പൃഥ്വിരാജുമുണ്ട്, മറ്റ് അഭിനേതാക്കളുമുണ്ട്. ഐ വാണ്ട് ദി ബെസ്റ്റ് ഫ്രം കുഞ്ചേട്ടന്‍ - അതായിരുന്നു എന്‍റെ സ്റ്റാന്‍ഡ്.

അത്രയും ടേക്കുകള്‍ എടുക്കുമ്പോള്‍ ആരും ഒരു മടിയും പറഞ്ഞില്ല. പൃഥ്വി വന്ന് എന്നെ അഭിനന്ദിച്ചു. കുഞ്ചേട്ടന്‍ തകര്‍ന്നുപോയി.

കഴിഞ്ഞ ദിവസം എന്‍റെ വീട്ടില്‍ വന്നപ്പോള്‍ പോലും കുഞ്ചേട്ടന്‍, ‘എടാ, ഇത്ര വര്‍ഷം ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ട് ആ ഒറ്റ സീന്‍, അതെന്‍റെ ജീവിതത്തിലെ ബെസ്റ്റ് പെര്‍ഫോമന്‍സാണ്’ എന്നുപറഞ്ഞു.

അത്രയും ടേക്ക് എടുക്കേണ്ടിവന്നത്, ചിലപ്പോള്‍ ചില കുഞ്ഞുകാര്യങ്ങള്‍ ആയിരിക്കും, അത് കിട്ടിയില്ലെങ്കില്‍ വീണ്ടും വീണ്ടും എടുത്തുകൊണ്ടേയിരിക്കും - റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :