നെല്‍വിന്‍ വില്‍സണ്‍|
Last Updated:
ബുധന്‍, 26 മെയ് 2021 (16:57 IST)
രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ വരുണിന്റെ മൃതദേഹത്തിനായി തെരച്ചില്‍ നടക്കുകയാണ്. സ്റ്റേഷന്റെ തറ കുഴിക്കുന്ന മൂന്ന് പണിക്കാരില്‍ ഒരാളുടെ പേര് രവി എാണ്. സ്റ്റേഷന്റെ പുറകില്‍ പോയി ഒപ്പം പണിയെടുക്കുന്ന ആളോട് ഒരു മൃതദേഹത്തിനു വേണ്ടിയാണ് തങ്ങള്‍ തെരച്ചില്‍ നടത്തുന്നതെന്ന് രവി പറയുന്നുണ്ട്. സ്റ്റേഷന്റെ മതിലിന് അപ്പുറത്തുനില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഇത് കേള്‍ക്കുന്നു. പിന്നീടങ്ങോട്ട് സിനിമ ഉദ്വേഗജനകമാകുന്നു.
ഓപ്പറേഷന്‍ ജാവയിലും ഇങ്ങനെയൊരു രവിയുണ്ട്. അത് വെറും രവിയല്ല, രവി സാറാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ചുറുചുറുക്കം പ്രസരിപ്പുമുള്ള ഉദ്യോഗസ്ഥനാണ് രവി സാര്‍.
ദൃശ്യത്തിലെയും ഓപ്പറേഷന്‍ ജാവയിലെയും രവിയെന്ന കഥാപാത്രത്തെ ഗംഭീരമാക്കിയത് വിനോദ് ബോസ് എന്ന കലാകാരനാണ്. അഭിനയത്തോട് അടങ്ങാത്ത അഭിനിവേശവുമായി ഓടിനടക്കുന്ന വിനോദിന്റെ വിശേഷങ്ങള്‍ വായിക്കാം
സീരിയലിലൂടെ തുടക്കം
സീരിയലിലൂടെയാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത്. 2011 ല്‍ ജീവന്‍ ടിവിയിലെ ശ്രീനാരായണഗുരു എന്ന സീരിയലില്‍ അഭിനയിച്ചു. ഗുരുവിന്റെ യുവത്വ കാലഘട്ടമാണ് ഞാന്‍ ചെയ്തത്. പിന്നീട് മലയാളത്തിലും തമിഴിലുമായി ചില സീരയലുകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.
സിനിമയിലേക്ക്
2015 ല്‍ കാക്കനാട് വച്ചുനടന്ന ആക്ട് ലാബിന്റെ അഞ്ച് ദിവസത്തെ വര്‍ക്ഷോപ്പില്‍ പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ട് സീരിയല്‍ വിട്ട് സിനിമയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. ആക്ട് ലാബിന്റെ തന്നെ ഓഡിഷനില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലിയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. ചെറിയൊരു വേഷമായിരുന്നെങ്കിലും ആദ്യ ചിത്രത്തില്‍ തന്നെ ദുല്‍ഖറിനൊപ്പം ഒറ്റ ഫ്രെയ്മില്‍ വരാന്‍ അവസരം ലഭിച്ചു. അതിനുശേഷം നാം, നിദ്രാടനം, പഞ്ചവര്‍ണതത്ത, തൃശൂര്‍ പൂരം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 'ലൂക്ക'യില്‍ ടൊവിനോ തോമസിന്റെ സുഹൃത്തായി അഭിനയിക്കാനും സാധിച്ചു.
വിനോദ് ബോസ് ടൊവിനോയ്ക്കും ദുല്‍ഖറിനും ഒപ്പം
വഴിത്തിരിവായത് ഓപ്പറേഷന്‍ ജാവയും ദൃശ്യവും
ഓപ്പറേഷന്‍ ജാവ തിയറ്ററിലും ദൃശ്യം-2 ഒ.ടി.ടി പ്ലാറ്റ്ഫോമിലും ഒരേസമയത്താണ് ഹിറ്റാകുന്നത്. രണ്ടിലും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു. മാത്രമല്ല, രണ്ടിലെയും കഥാപാത്രങ്ങളുടെ പേര് രവി എന്നാണ്. ദൃശ്യത്തില്‍ പൊലീസ് സ്റ്റേഷന്‍ പൊളിക്കാന്‍ വരുന്ന മൂന്ന് പണിക്കാരില്‍ ഒരാളാണ് എന്റെ രവി. ഓപ്പറേഷന്‍ ജാവയിലേക്ക് എത്തുമ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ടീമിലെ രവി സാറാണ്.
തരുണ്‍ മൂര്‍ത്തിയെ (ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍) എനിക്ക് നേരത്തെ അറിയാം. കാസ്റ്റ് മി പെര്‍ഫക്ട് എന്ന വര്‍ക്ഷോപ്പില്‍ വച്ചാണ് തരുണ്‍ ചേട്ടനുമായി അടുക്കുന്നത്. ഇടയ്ക്കിടെ ഫോണ്‍ വിളിക്കാറുണ്ട്. തരുണ്‍ ചേട്ടന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഈ സിനിമയില്‍ എനിക്ക് ഒരു കഥാപാത്രമുണ്ടെന്ന് തരുണ്‍ ചേട്ടന്‍ പറഞ്ഞു. പിന്നീട് ഞങ്ങള്‍ നേരിട്ടുകണ്ടു. ജാവയിലെ കഥാപാത്രം എന്നെകൊണ്ട് ചെയ്യിച്ചുനോക്കി. താടിയും മുടിയുമൊക്കെ വെട്ടി ഫസ്റ്റ് ലുക്ക് പോസ്റ്ററിനായുള്ള പടമെടുത്തു.
വിനോദ് ബോസ് ദൃശ്യം-2 വില്‍
ദൃശ്യത്തിലേക്ക് എത്തുന്നതും അവിചാരിതമായാണ്. ഞാന്‍ പെരുമ്പടവം സ്വദേശിയാണ്. ഞങ്ങളുടെ നാടിനു അടുത്താണ് ജീത്തു സാറിന്റെ വീട്. ഡിറ്റക്ടീവ് സിനിമ മുതലേ ഞാന്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴും ഞാന്‍ അദ്ദേഹത്തെ വിളിക്കും. ചാന്‍സ് ചോദിച്ച് തന്നെയാണ് വിളിക്കാറുള്ളത്. ദൃശ്യം-2 വിന്റെ കാര്യമറിഞ്ഞപ്പോഴും ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ദൃശ്യം-2 വില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം നല്‍കുമോ എന്നു ചോദിച്ചാണ് വിളിച്ചത്. അങ്ങനെയാണ് ആ കഥാപാത്രം എനിക്ക് ലഭിച്ചത്.
അയ്യോ, ഇത് സുധി കോപ്പയല്ലേ?
ഓപ്പറേഷന്‍ ജാവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയപ്പോഴാണ് എന്റെ കഥാപാത്രത്തെ കാണുമ്പോള്‍ സുധി കോപ്പയുടെ പോലെ ഉണ്ടെന്ന് പലരും പറഞ്ഞുതുടങ്ങിയത്. ജോസഫിലെ സുധി ചേട്ടന്റെയും ഓപ്പറേഷന്‍ ജാവയിലെ എന്റെയും കഥാപാത്രത്തിന്റെ ലുക്ക് ഒരുപോലെയാണെന്നാണ് പലരും പറഞ്ഞത്. മാത്രമല്ല, ഓപ്പറേഷന്‍ ജാവയുടെ പോസ്റ്റര്‍ കണ്ട് പലരും സുധി ചേട്ടനെ വിളിച്ചു. 'ഓപ്പറേഷന്‍ ജാവയിലുണ്ടല്ലേ, പോസ്റ്റര്‍ നന്നായിട്ടുണ്ട്' എന്നൊക്കെ പറഞ്ഞ് പലരും അദ്ദേഹത്തെ വിളിച്ചിരുന്നു. സുധി ചേട്ടന്‍ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. വിളിക്കുന്നവരോട് ഓപ്പറേഷന്‍ ജാവയിലേത് താനല്ലെന്നും വിനോദ് ബോസ് ആണെന്നും സുധി ചേട്ടന്‍ പറഞ്ഞിരുന്നു. പോസ്റ്റര്‍ കണ്ടാല്‍ സുധി കോപ്പയാണെന്ന് തോന്നുമെന്ന് എന്റെ സുഹൃത്തുക്കളും എന്നോട് പറഞ്ഞു.
സുധി ചേട്ടനെ വിളിച്ചു
എനിക്ക് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. സുധി ചേട്ടന്‍ വളരെ അറിയപ്പെടുന്ന അഭിനേതാവാണ്. അദ്ദേഹത്തിനു ഞാന്‍ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകരുതല്ലോ? ഞാന്‍ സുധി ചേട്ടനെ വിളിച്ചു, 'പ്രശ്നമായോ' എന്ന് ചോദിച്ചു. 'എന്ത് പ്രശ്നം' എന്നാണ് സുധി ചേട്ടന്‍ ഇങ്ങോട്ട് ചോദിച്ചത്. ഒരു കുഴപ്പവുമില്ലെന്നും തന്നെ വിളിക്കുന്നവരോടൊക്കെ പോസ്റ്ററിലുള്ളത് വിനോദ് ബോസ് ആണെന്ന് പറയുന്നുണ്ടെന്നും സുധി ചേട്ടന്‍ പറഞ്ഞു. ഞാനും സുധി ചേട്ടനും 2017 ല്‍ ഒരു സിനിമയില്‍ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. വളരെ ടാലന്റഡ് ആയ അഭിനേതാവാണ്. എനിക്ക് സ്വന്തം ചേട്ടനെ പോലെയാണ്. എനിക്ക് നന്നായി പിന്തുണ നല്‍കുന്നുണ്ട്. ചില ഓഡിഷനുകളെ കുറിച്ചുള്ള വിവരങ്ങള്‍ സുധി ചേട്ടന്‍ എന്നെ അറിയിക്കാറുണ്ട്. അത്രത്തോളം അടുപ്പമുണ്ട് ഞങ്ങള്‍ തമ്മില്‍. ഓപ്പറേഷന്‍ ജാവ ഞങ്ങള്‍ ഫുള്‍ ടീം ഒന്നിച്ചാണ് എറണാകുളം ഷേണായീസില്‍ കണ്ടത്. അവിടെ സുധി ചേട്ടനും സിനിമ കാണാന്‍ എത്തിയിരുന്നു. എന്റെ കഥാപാത്രം നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമ കണ്ട ശേഷം വീട്ടിലേക്ക് പോയിട്ടും അദ്ദേഹം എന്നെ വിളിച്ചു അഭിനന്ദിച്ചു.
പുതിയ ചിത്രം
നരെയ്ന്‍, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സാക് ഹാരിസാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമയില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഈ കഥാപാത്രം ഞാന്‍ തന്നെയാണ് ചെയ്യുന്നത്. 'അമേയ' എന്ന തമിഴ് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കലാകുടുംബം
ചെറുപ്പംമുതലേ അഭിനയത്തോട് വലിയ കമ്പമാണ്. കലാകുടുംബമാണ് ഞങ്ങളുടേത്. അമ്മ പള്ളിപ്പുറം മഹിളാമണി കഥാപ്രസംഗ കലാകാരിയായിരുന്നു. അച്ഛന്‍ ചന്ദ്രബോസ് പണ്ട് നാട്ടില്‍ നാടകങ്ങളും ബാലയുമൊക്കെ ആയി കലാരംഗത്ത് സജീവമായിരുന്നു. കുട്ടിക്കാലം മുതലേ അഭിനയത്തോട് വലിയ കമ്പമുണ്ട്. വീടിനു അടുത്തുള്ള പള്ളിയില്‍ നാടകത്തിലൊക്കെ അഭിനയിക്കാറുണ്ട്. പിന്നീട് സ്‌കൂളിലും കോളേജിലും നാടകരംഗത്ത് സജീവമായിരുന്നു.
വ്യക്തിജീവിതം
കൗണ്‍സിലര്‍, യോഗാ ട്രെയ്നര്‍, ചെണ്ട മേള കലാകാരന്‍ എന്നീ നിലയിലെല്ലാം വിനോദ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം സിനിമയും കൊണ്ടുപോകുന്നു. ഇക്കണോമിക്സില്‍ ബിരുദവും യോഗയില്‍ എം.എസ്.സിയും സ്വന്തമാക്കി. കൗണ്‍സിലിങ്ങില്‍ ഡിപ്ലോമയെടുത്തിട്ടുണ്ട്. ഭാര്യ കാര്‍ത്തിക സൈക്കാട്രി കൗണ്‍സിലറാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.