നിഹാരിക കെ എസ്|
Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (09:39 IST)
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പേരിൽ ഏറെ ഹൈപ്പ് കിട്ടിയ ചിത്രമാണ് ബറോസ്. ബറോസിന്റെ റിലീസ് ഇനിയും നീളുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ മൂന്നിനായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ വിഎഫ്എക്സ് വർക്കുകളും, ഐ മാക്സ് പതിപ്പും പൂർത്തിയാകാത്തതിനെ തുടർന്ന് സിനിമയുടെ റിലീസ് വീണ്ടും നീട്ടുകയായിരുന്നു. റിലീസ് എന്നാണെന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല.
ബറോസ് സംവിധാനം ചെയ്യാനുണ്ടായ കാരണവും ബറോസിന്റെ സംവിധാന അനുഭവവും അടുത്തിടെ മോഹൻലാൽ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. മോഹൻലാലുമായി ഭാനുപ്രകാശ് നടത്തിയ അഭിമുഖം ദേശാഭിമാനി വാരിക പുറത്തുവിട്ടിരുന്നു. ഇതിലാണ് തന്റെ 'ബറോസ് യാത്ര'യെ കുറിച്ച് മോഹൻലാൽ തുറന്നു സംസാരിച്ചത്. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി നടന്ന ഒരാളല്ല താനെന്നും പലപ്പോഴും മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യമാണ് ബറോസിലേക്ക് എത്തിയതെന്നും മോഹലാൽ പറയുന്നു.
യഥാർത്ഥത്തിൽ 'ബറോസ്' എന്ന സിനിമ മുൻകൂട്ടി പ്ലാൻ ചെയ്തതല്ല. ഒരു ത്രീഡി പ്ലേ ചെയ്യാനുള്ള ചർച്ചകളിൽ നിന്നാണ് 'ബറോസ്' സിനിമയായി രൂപപ്പെട്ടത്. ഇന്ത്യയിലെ രണ്ടാമത്തെ ത്രീഡി സിനിമയാണെന്ന പ്രത്യേകതയും 'ബറോസി'നുണ്ട്. ആദ്യ ത്രീഡിയായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോ തന്നെ 'ബറോസും' സംവിധാനം ചെയ്യണമെന്നായിരുന്നു മോഹൻലാലിന്റെ ആഗ്രഹം. എന്നാൽ, അദ്ദേഹത്തിന് താല്പര്യമില്ലാതെ വന്നതോടെ ഇനിയാര് എന്ന ചോദ്യമുയർന്നു. അങ്ങനെയാണ് മോഹൻലാൽ എന്ന പേര് ഉയർന്നു വന്നത്.
ഒരു കുട്ടിയും ഗോസ്റ്റും തമ്മിലുള്ള റിലേഷൻഷിപ്പിന്റെ ഈ കഥ പുതിയ ജനറേഷന് മാതൃകയായി എടുക്കാവുന്നതാണ് എന്നദ്ദേഹം പറയുന്നു. ഇങ്ങനെയൊരു കഥ ആരും പറയാൻ സാധ്യതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളോളം അഭിനയിച്ച ശേഷമാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. വർഷങ്ങളായുള്ള അഭിനയ പരിചയം ഒരു സംവിധായകൻ എന്ന നിലയിൽ തന്നെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
'മൈ ഡിയര് കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്.