ഗേളി ഇമ്മാനുവല്‍|
Last Modified വെള്ളി, 21 ഫെബ്രുവരി 2020 (19:45 IST)
പ്രഖ്യാപിക്കപ്പെട്ട അന്നുമുതല്‍ പ്രേക്ഷകപ്രതീക്ഷ വാനോളമുയര്‍ത്തിയ പ്രൊജക്‍ടാണ് മമ്മൂട്ടിയുടെ ‘വണ്‍’. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി ഒരു രാഷ്ട്രീയ സിനിമ ചെയ്യുന്നു എന്നതാണ് വണ്ണിന്‍റെ പ്രത്യേകത. മലയാളത്തില്‍ നിലവിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളായ സഞ്‌ജയ് - ബോബി ടീമാണ് ഈ സിനിമയുടെ രചന നിര്‍വഹിക്കുന്നത് എന്നതും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്.
‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്‍റെ വരവറിയിച്ച സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ആണ് വണ്ണിന്‍റെ സംവിധാനം. മമ്മൂട്ടി മാത്രമായിരുന്നു ഈ സിനിമയിലെ നായക കഥാപാത്രത്തിനായി ആദ്യത്തെയും അവസാനത്തെയും ചോയ്‌സെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ സന്തോഷ് വിശ്വനാഥ്.
മമ്മൂട്ടി ഈ സിനിമ നിരസിച്ചിരുന്നെങ്കില്‍ ഈ ചിത്രം സാധ്യമാകില്ലായിരുന്നു എന്നും സംവിധായകന്‍ വ്യക്‍തമാക്കി. മമ്മൂട്ടിയുടെ ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമാണ് സഞ്ജയും ബോബിയും വണ്ണിന്‍റെ തിരക്കഥ എഴുതിയത്.
ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് എന്നാണ് കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന നായക കഥാപാത്രത്തിലൂടെ ഈ ചിത്രത്തില്‍ മമ്മൂട്ടി കാട്ടിത്തരുന്നത്. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവിന്‍റെയും ഛായയിലല്ല നായക കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
രഞ്‌ജിത്, ജോജു, മുരളി ഗോപി, ഗായത്രി അരുണ്‍, നിമിഷ സജയന്‍, ബാലചന്ദ്രമേനോന്‍, മാമുക്കോയ തുടങ്ങിയവര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇച്ചായിസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന വണ്‍ ഏപ്രില്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തും.