'കലയും കൊലയും അല്ല ജോലിയാണ് സിനിമ';ഇത്രയും സിനിമകള്‍ പരാജയപ്പെട്ടിട്ടും എന്തുകൊണ്ട് കൈ നിറയെ ചിത്രങ്ങള്‍? ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (12:09 IST)
തുടരെ സിനിമകള്‍ പരാജയപ്പെടുന്നു, എന്തുകൊണ്ട് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

'എന്തുകൊണ്ട് ഞാന്‍ കുറെ സിനിമകള്‍ ചെയ്യുന്നു,അതിനേക്കാള്‍ ചോദിക്കേണ്ട ഒരു ചോദ്യം ഇത്രയും സിനിമകള്‍ പരാജയപ്പെട്ടിട്ടും എനിക്ക് എന്തുകൊണ്ട് സിനിമകള്‍ വരുന്നു എന്നതാണ്. ഞാന്‍ ആരുടെയും അടുത്ത് പോയിട്ട് എനിക്ക് സിനിമ താ എന്ന് പറയുന്നില്ല. എന്റെ ഇത്രയും സിനിമകള്‍ പരാജയമായിട്ടുണ്ടെങ്കില്‍ പിന്നെങ്ങനെയാണ് എനിക്ക് ഇത്രയും സിനിമ? ഒരു പ്രൊഡ്യൂസര്‍ അല്ലെങ്കില്‍ ഒരു ഡയറക്ടര്‍ കഥ കേട്ട് അവരെ തീരുമാനിച്ച് ഉറപ്പിച്ച ഒരു നടന്റെ അടുത്താണ് അവര്‍ കഥ പറയുന്നത്. ഇത്രയും പരാജയം വന്ന ഒരു നടന്റെ അടുത്ത് എന്തിനാണ് ഇത്രയും സിനിമയും കൊണ്ട് വരുന്നത് ? എന്തുകൊണ്ട് ഞാന്‍ ചെയ്യുന്നു എന്ന് ചോദിച്ചു കഴിഞ്ഞാല്‍. എനിക്ക് വരുന്ന ജോലികള്‍ ഞാന്‍ കൃത്യമായി ചെയ്യും. അതിനെ ഞാന്‍ ഒരു ജോലി ആയിട്ടാണ് കണക്കാക്കുന്നത്. അതൊരു കല ഇത് എന്നൊക്കെ കാണുന്ന ആളുകള്‍ക്ക് അത് വേറെ രീതിയിലായിരിക്കും. എനിക്ക് ഇത് കലയും കൊലയും ഒന്നുമല്ല. എനിക്കിത് സിനിമയാണ് എനിക്ക് ഇത് ജോലിയാണ്. ഞാന്‍ ഫ്രീലാന്‍സ് ചെയ്യുന്ന ആളാണ്. എനിക്കൊരു ജോലി വരുന്ന സമയത്ത് ആ ജോലി ഞാന്‍ കൃത്യമായി ചെയ്യും. അത്രയേ ഉള്ളൂ',- എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ പതിനഞ്ചിന് ചിത്രം പ്രദര്‍ശനത്തിന് എത്തും





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :