'ജീവിച്ചിരിക്കുന്ന ഒരാളെ കൊന്നിട്ട് വേണോ നിങ്ങൾക്ക് കാശുണ്ടാക്കാൻ?'; വ്യാജവാർത്തക്കെതിരെ തുറന്നടിച്ച് നടി രേഖ; വീഡിയോ
നടി രേഖ മരിച്ചെന്ന രീതിയിൽ വാർത്ത നൽകിയ യുട്യൂബ് ചാനലിനെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം.
തുമ്പി എബ്രഹാം|
Last Updated:
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (18:09 IST)
വ്യാജവാർത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യൻ നടി രേഖ. ജി വി പ്രകാശ് നായകനായെത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടി രേഖയുടെ പ്രതികരണം.
നടി രേഖ മരിച്ചെന്ന രീതിയിൽ വാർത്ത നൽകിയ യുട്യൂബ് ചാനലിനെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം. 'നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നൊരു തലക്കെട്ട് നൽകി വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾ നൽകി ഒരു വ്യാജ വാർത്ത 'മീശ മച്ചാൻ' എന്നൊരു യുട്യൂബ് ചാനൽ നൽകിയിരുന്നു. ഓഗസ്റ്റ് 17നാണ് വിഡിയോ അപ്‌ലോഡ് ചെയ്തത്. ആ വ്യാജവാർത്ത 10 ലക്ഷം പേരാണ് യുട്യൂബിൽ കണ്ടത്.
'എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനൽ തുടങ്ങി അതിൽ അനാവശ്യ വിഷയങ്ങൾ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാർത്തകൾ വരുന്നത്. അവർ മരിച്ചു പോയി. ഇവർക്ക് ഇങ്ങനെ ആയി... അങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജവാർത്തകൾ! എനിക്കതിൽ സങ്കടമില്ല. പക്ഷെ, എനിക്ക് ചുറ്റും നിൽക്കുന്ന എന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേർ ചോദിച്ചു, ഞാൻ മരിച്ചുപോയോ എന്ന്. ഞാൻ പറഞ്ഞു– ആ.. ഞാൻ മരിച്ചു പോയി. നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്!,' രേഖ പറഞ്ഞു.
ഇനിയും നിരവധി ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കർപ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ?," രേഖ ചോദിച്ചു.