യേശു ക്രിസ്തു ലോകത്തിന്‍റെ വിളക്കാണെന്നാണ് പറയപ്പെടുന്നത്. ഇപ്രാവശ്യത്തെ തീര്‍ത്ഥാടനത്തില്‍ ഇന്ത്യയിലെ പ്രശസ്ത ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ ഗോവയിലെ ബോം ജീസസ് ബസലിക്കയിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നത്.
പഴയ ഗോവയില്‍ ആണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഇത്. സെന്‍റ് ഫ്രാന്‍സിസ് സേവിയറിന്‍റെ ഭൌതിക ശരീരം സൂക്ഷിച്ചിട്ടുള്ളതിനാല്‍ ഇവിടത്തെ പള്ളി ലോകപ്രശസ്തമാണ്. ലോക പൈതൃക സ്മാരകമായി ഈ പള്ളിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
ബോം ജീസസ് എന്നാല്‍ ഉണ്ണിയേശു എന്നര്‍ത്ഥം. ഈ പള്ളിയുടെ നിര്‍മ്മാണം 1594 ലാണ് തുടങ്ങിയത്. പള്ളി 1605ല്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടു. പള്ളിക്ക് മൂന്ന് നിലകളുള്ള കവാടമാണുള്ളത്. മുഖ്യകവാടത്തിന് സമീപത്തായി രണ്ട് ചെറിയ കവാടങ്ങളുമുണ്ട്. മുകളില്‍ ക്രിസ്തുവിന് ഗ്രീക്ക് ഭാഷയില്‍ വിളിക്കുന്ന പേരിനെ അനുസ്മരിപ്പിച്ചു കൊണ്ട് ‘ഐ എച്ച് എസ്’ എന്ന് കൊത്തിവച്ചിരിക്കുന്നു.
പള്ളിയില്‍ പ്രവേശിച്ചാലുടന്‍ വലത് ഭാഗത്ത് സെന്‍റ് ആന്‍റ്‌ണിയുടെ അള്‍ത്താര കാണാനാകും. ഇടത് ഭാഗത്ത് തടിയില്‍ നിര്‍മ്മിച്ച സെന്‍റ് ഫ്രാന്‍സിസിന്‍റെ പ്രതിമയും കാണാം. പ്രധാന അള്‍ത്താരയുടെ സമീപം ഔവര്‍ ലേഡി ഓഫ് ഹോപ്, സെന്‍റ് മൈക്കല്‍ എന്നിവരുടെ അള്‍ത്താര കാണാം. മനോഹരമായി അലങ്കരിച്ചിട്ടുള്ള മുഖ്യ അള്‍ത്താരയില്‍ ഉണ്ണിയേശുവിന്‍റെയും അതിന് മുകളില്‍ സെന്‍റ് ഇഗ്നേഷ്യസ് ലയോളയുടെയും പ്രതിമകളുണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികളുമുണ്ട്.
ഫോട്ടോഗാലറി കാണാന്‍ ക്ലിക് ചെയ്യുക
|