ഇപ്പോള്‍ പരശുരാംപുരി സ്ഥിതി ചെയ്യുന്ന പ്രദേശം മൂന്നാം നൂറ്റാണ്ടില്‍ കന്യാകുഞ്ച് രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഭരണാധികാരിയായിരുന്ന സര്‍ദാര്‍ നജീബ് ഖാന്‍റെ മകന്‍ ഹാഫിസ് ഖാന്‍ ഇവിടെ ഒരു കോട്ട നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ കോട്ട നിന്ന സ്ഥലത്ത് താലൂക്ക് കെട്ടിടം സ്ഥിതി ചെയ്യുന്നു.
ജലാലുദ്ദീന്‍റെ മകനായ ഹാഫിസ് ഖാന്‍റെ മകന്‍ വിവാഹം കഴിച്ചത് അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടിയേറി ഇവിടെ താമസിച്ചിരുന്ന യുവതിയുമായാണ്. ഈ പ്രദേശം പിന്നീട് ഹാഫിസ് ഖാന്‍ മകന്‍റെ ഭാര്യയ്ക്ക് വിവാഹ സമ്മാനം (മഹര്‍) ആയി നല്‍കുകയുണ്ടായി.
പരശുരാംപുരി ജലാലാബാദില്‍ പരശുരാമന്‍റെ പുരാതനമായ ക്ഷേത്രമുണ്ട്. ക്ഷേത്രത്തില്‍ ശിവലിംഗത്തിന് മുന്നില്‍ പുരാതനമായ പരശുരാമ വിഗ്രഹം സ്ഥിതി ചെയ്യുന്നു. പരശുരാമനാണ് ഈ ശിവലിംഗം സ്ഥാപിച്ചിട്ടുളളതെന്ന് കരുതുന്നു. ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് 20 അടി ഉയരമുളള പ്രദേശത്താണ്.
മുസ്ലീം ഭരണകാലങ്ങളില്‍ നിരവധി തവണ ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെ ഭക്തര്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയായിരുന്നു. പുനര്‍നിര്‍മ്മാണ വേളയില്‍ പരശുരാമനുമായി ബന്ധപ്പെട്ട പല സാധനങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
പരശുരാമന്‍റെ പിതാവായ ജമദഗ്നി മഹര്‍ഷിയുടെ ജന്മസ്ഥലം ഇവിടെ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ജമദഗ്നിയുടെ മാതാവിന്‍റെ മുത്തച്ഛനായ ഗധി മഹാരാജാവിന്‍റെ രാജ്യം ഇവിടെ ആണ് സ്ഥിതി ചെയ്തിരുന്നത്. പരശുരാമന്‍റെ മാതാവ് രേണുക ദക്ഷിണേന്ത്യയിലെ രാജകുമാരിയായിരുന്നുവെങ്കിലും ഇവിടെ ആണ് വസിച്ചിരുന്നത്.
|