മതപരമായ പ്രാധാന്യം
ഭൂമി ഉണ്ടായപ്പോള്‍ വെളിച്ചത്തിന്‍റെ ആദ്യ കിരണം കാശിയിലാണ് പതിച്ചതെന്നാണ് വിശ്വാസം. ഇതിന് ശേഷം കാശി അറിവിന്‍റെയും ആത്മീയതയുടെയും കേന്ദ്രമായി മാറി. വിശ്വാസമനുസരിച്ച് ശിവഭഗവാന്‍ ഇവിടെ താമസിച്ചിട്ടുണ്ട്.ദശാശ്വമേധ പാതയില്‍ 10 കുതിരകളെ പൂട്ടിയ തേര് അയച്ചാണ് ബ്രഹ്മദേവന്‍ ശിവ ഭഗവാനെ സ്വീകരിച്ചതെന്ന് പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്.
കാശി ക്ഷേത്രം
ചെറു ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ക്ഷേത്രസമുച്ചയം.വിശ്വനാഥ ഗല്ലി എന്ന ഇടുങ്ങിയ പാതയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെറു ക്ഷേത്രങ്ങളുടെ നടുവില്‍ വിശ്വനാഥന്‍റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുഖ്യ ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായി ജ്ഞാന വാപി (അറിവിന്‍റെ കിണര്‍) സ്ഥിതി ചെയ്യുന്നു.
വിശ്വനാഥ ക്ഷേത്രത്തില്‍ ഒരു മണ്ഡപവും ശ്രീകോവിലും ഉള്‍പ്പെടുന്നുണ്ട്. ശ്രീകോവിലിനുള്ളില്‍ ഉള്ള ജ്യോതിര്‍ലിംഗത്തിന് 60 സെന്‍റിമീറ്റര്‍ ഉയരവും 90 സെന്‍റിമീറ്റര്‍ ചുറ്റളവുമുണ്ട്.കറുത്ത ശില കൊണ്ടാണ് ശിവ ലിംഗം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ ഉള്‍വശം അത്ര വലുതല്ലാത്തതാണെങ്കിലും ആരാധനക്കാവശ്യമായ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്നു.
ചരിത്രം
ചരിത്രാതീത കാലം മുതല്‍ക്കേ നിലനില്‍ക്കുന്നതാണ് ക്ഷേത്രം. 1776ല്‍ ഇന്‍ഡോറിലെ മഹാറാണി ആയിരുന്ന അഹില്യ ഭായി ക്ഷേത്രം പുനരുദ്ധരിക്കാന്‍ കനത്ത സംഭാവന നല്‍കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ലഹോറിലെ മഹാരാജ രണ്‍ജിത് സിംഗ് ക്ഷേത്രത്തിലെ 16 മീറ്റര്‍ ഉയരമുള്ള സ്തൂപം നിര്‍മ്മിക്കാനായി 1000 കിലോഗ്രാം സ്വര്‍ണ്ണമാണ് നല്‍കിയതത്രേ. 1983ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ബനാറസിലെ മുന്‍ ഭരണാധികാരി വിഭൂതി സിംഗിനെ ട്രസ്റ്റി ആയി നിയമിക്കുകയും ചെയ്തു.
|