നിരത്തായ നിരത്തൊക്കെ, വീടായ വീടൊക്കെ പൊങ്കാലയടുപ്പുകള്‍ കൊണ്ട് നിറയും. ഇടവഴികളില്‍ നടവഴികളില്‍ നാലു കെട്ടില്‍ എല്ലായിടവും ആറ്റുകാലമ്മയെ മനസാ സ്മരിച്ചു കൊണ്ട് ഭക്തിയില്‍ നിറയുന്ന മനസും ശരീരവുമായി വ്രതം നോറ്റെത്തുന്ന അംഗനമാര്‍ മാത്രമാവും . അതേ ഇത് കേരളക്കരയുടെ ഉത്സവം. സ്ത്രീകളുടെ മാത്രമായ കോവിലില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന മഹോത്സവം.
തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ ആറ്റുകാല്‍ അമ്പലം വരെയുള്ള സ്ഥലങ്ങളെല്ലാം ഭക്തിസാന്ദ്രമാണിപ്പോള്‍. മൈക്കുകള്‍ കെട്ടിയുയര്‍ത്തി അതിലൂടെ അമ്മയുടെ വരദാനങ്ങളെ നാടുമുഴുവന്‍ പാടികേള്‍പ്പിക്കുകയാണ് ഭക്തര്‍. എല്ലാ വഴികളും ആറ്റുകാലിലേയ്ക്ക്.എല്ലാ മനസും അമ്മയുടെ അപദാനങ്ങള്‍ വാഴ്ത്താന്‍. എല്ലാ കണ്ണുകളും ആ ദര്‍ശന സായൂജ്യത്തിന്. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം.
ഓരോ വര്‍ഷവും പൊങ്കാലയിടാനെത്തുന്നവരുടെ തിരക്ക് കൂടിവരികയാണ്. എല്ലാ വര്‍ഷവും പൊങ്കാലയിടാനെത്തുന്ന പുതുമുഖങ്ങള്‍ ആയിരക്കണക്കിനാണ്. സര്‍വ്വാഭീഷ്ടദായിനിയായ അമ്മയുടെ കഥ കേട്ട് പൊങ്കാലയുടെ ആധ്യാത്മിക വിശുദ്ധി നേരിലറിയാന്‍, അതില്‍ പങ്കു ചേരാന്‍ പുതുതായെത്തുന്നവര്‍ എത്രയെങ്കിലുമാണ്.
പൊങ്കാല ദിനത്തില്‍ ആറ്റുകാല്‍ പരിസരത്ത് വിപണി സജീവമാവും. പൊങ്കാലയടുപ്പിനുള്ള കല്ലുകള്‍ മുതല്‍ വൈകുന്നേരത്തെ താലപ്പൊലിയ്ക്കണിയാനുള്ള കിരീടങ്ങള്‍ വരെ സര്‍വ്വതും തയാര്‍.വില പലതാണെങ്കിലും നിറത്തിലും വര്‍ണത്തിലും വ്യത്യാസം ഉണ്ടെങ്കിലും എല്ലായിടവും തിരക്കോടുതിരക്ക് ആയിരിക്കും. കലം വാങ്ങാന്‍, ശര്‍ക്കര വാങ്ങാന്‍, അരിമാവിന്, വയണയിലയ്ക്ക്, പയറുപൊടിച്ചതിന് എല്ലാത്തിനും വന്‍ തിരക്ക്.
|