അയ്യപ്പസ്വാമിയുടെ മനുഷ്യാവതാരത്തോളം പഴക്കം ചെന്നതാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രോല്‍പ്പതിയെ കുറിച്ചുള്ള കേട്ടറിവുകളും. പന്തളം രാജാവ് ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. അച്ചന്‍ കോവിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ തീര്‍ത്ഥാടന കേന്ദ്രം പന്തളം കൊട്ടാരത്തിന്‍റെ തൊട്ടടുത്ത് തന്നെയാണ്.
‘മണികണ്ഠന്‍’ എന്ന ശ്രീ അയ്യപ്പന്‍ സ്വന്തം ശൈശവവും യൌവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയില്‍ ഭക്തജനലക്ഷങ്ങള്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നു. ശബരിമല ദര്‍ശനത്തിന് മുമ്പ് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പതിവാണ്. ഈ പതിവ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ പോലും ശീലമാക്കിയിരിക്കുന്നു.
മകരവിളക്ക് ദിവസം ശബരിമല ശ്രീ അയ്യപ്പന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിലാണ്. മകരവിളക്കിന് രണ്ട് മാസം മുമ്പ് മാത്രമായിരിക്കും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പെട്ടികള്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഭക്തിലഹരിയില്‍ മുങ്ങിയ ഘോഷയാത്ര മകരവിളക്കിന് മൂന്ന് ദിവസം മുമ്പ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.
തിരുവാഭരണ ഘോഷയാത്ര തുടങ്ങും മുമ്പ് ആകാശത്ത് പ്രത്യക്ഷമാവുന്ന കൃഷ്ണപ്പരുന്ത് യാത്ര തുടങ്ങാനുള്ള ദൈവീക സൂചനയാണെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഈ കൃഷ്ണപ്പരുന്ത് ശബരിമല സന്നിധാനം വരെയുള്ള കിലോമീറ്ററുകള്‍ നീളുന്ന തിരുവാഭരണ ഘോഷയാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുന്നത് ഇന്നും അത്ഭുതമായി തുടരുന്നു.
തിരുവാഭരണ ഘോഷയാത്രയോടൊപ്പം പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗവും ശബരിമലയിലേക്ക് പോകുന്നു. അയ്യപ്പ സ്വാമിയുടെ പിതാവിന്‍റെ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്. ഇത്തവണ തിരുവാതിര തിരുനാള്‍ രാഘവ വര്‍മ്മയാണ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്. പന്തളം വലിയ തമ്പുരാന്‍ രേവതിനാള്‍ പി രാമ വര്‍മ്മ രാജ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക
|