ത്യാഗത്തിന്‍റേയും സ്നേഹത്തിന്‍റേയും മൂര്‍ത്തി
ത്യാഗത്തിന്‍റേയും ആത്മബലിയുടേയും സഹോദരസ്നേഹത്തിന്‍റേയും ഉത്തമപ്രതീകമാണ് ഭരതന്‍. പത്ത് ഏക്കര്‍ സമചതുരമായ സ്ഥലത്താണ് ക്ഷേത്രം. രണ്ടുനില വട്ടശ്രീകോവില്‍. രണ്ടു നാലമ്പലമുണ്ട്. പൂജ വിഷ്ണുവിനാണെങ്കിലും നാലമ്പലത്തില്‍ ശിവക്ഷേത്രങ്ങളിലേതുപോലെ അപൂര്‍ണ്ണ പ്രദക്ഷിണം.
ഭഗവാന്‍ ആഡംബരപ്രിയനല്ല. മനസു മുഴുവന്‍ ശ്രീരാമചന്ദ്രനും ഭഗവാന്‍റെ പാദങ്ങളുമാണ്. എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. വിഗ്രഹത്തിന് ഏകദേശം ഒരാള്‍ പൊക്കമുണ്ട്. ചതുര്‍ബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു.
കിരീടവും കുറച്ച് ആഭരണങ്ങളും ധരിച്ച് കനത്തില്‍ വലിയൊരു പുഷᅲമാല ചാര്‍ത്തിയിരിക്കുന്നു. അത് കിരീടത്തിന്‍റെ മുകളിലൂടെ രണ്ടു വശത്തേക്കുമായി പാദംവരെ നീണ്ടുകിടക്കുന്നു. താമരപ്പൂമാല ഭഗവാന് കൂടുതല്‍ പ്രിയമാണെന്ന് പറയുന്നു. താമരമാല ചാര്‍ത്തി പ്രാര്‍ഥിച്ചാല്‍ സകലവിഘ്നങ്ങളും മാറിക്കിട്ടുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തില്‍ ഉപദേവതകളില്ലെങ്കിലും തിടപ്പള്ളിയില്‍ ഹനുമാനും, വാതില്‍മാടത്തില്‍ തെക്കും, വടക്കും ദുര്‍ഗ്ഗയും, ഭദ്രകാളിയും ഉണ്ടെന്നു സങ്കല്പം. തിടപ്പള്ളിയില്‍ അവിലും പൂവന്‍പഴവും നേദ്യമുണ്ട്. ദുര്‍ഗ്ഗയ്ക്കും, ഭദ്രകാളിയ്ക്കും ഉത്സവക്കാലത്തുമാത്രം നേദ്യം. താമരയും, തെച്ചിയും, തുളസിയും മാത്രമെ ക്ഷേത്രത്തില്‍ ഉപയോഗിക്കൂ.
|