സകലാഭിഷ്ഠ പ്രദായിനിയാണ് ചോറ്റാനിക്കര അമ്മ. ഉള്ളു ചുട്ട പ്രാര്‍ത്ഥനയുമായി ശരണം പ്രാപിക്കുന്ന ഭക്തനെ അമ്മ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. കന്നിമാസത്തിലെ നവരാത്രിയും, കുംഭമാസത്തിലെ ഉത്സവവുമാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍.
വിദ്യാരംഭ ദിവസം അനേകായിരം കുട്ടികളെ ദേവിയുടെ മുന്‍പില്‍ വച്ച് എഴുത്തിനിരുത്തുന്നു. കുംഭമാസത്തിലെ ഉത്രം ആറാട്ടുപ്രമാണമായി നടത്തപ്പെടുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം "മകം തെഴ' ലാണ്. മകം നാളില്‍ ദേവിയെ കണ്ടു വണങ്ങാന്‍ ഭക്തജനപ്രവാഹമാണ്.
ബാധോപദ്രവങ്ങളില്‍ നിന്ന് മുക്തി കാംക്ഷിച്ചെത്തുന്നവരാണ് ചോറ്റാനിക്കര ക്ഷേത്രത്തിലെ ഭക്തമാരില്‍ ഭൂരിഭാഗവും. ഐശ്വര്യവും സന്താനഭാഗ്യവും മംഗല്യസിദ്ധിയും വിദ്യാലബ്ധിയും തേടി അമ്മയെ ശരണം പ്രാപിക്കുന്നവരും കുറവല്ല.
ചോറ്റാനിക്കര ക്ഷേത്രത്തില്‍ പ്രധാനമായി രണ്ടു പ്രതിഷ്ഠകളാണുള്ളത്. മേക്കാവും കീഴ്ക്കാവും. കിഴക്കോട്ട് ദര്‍ശനമായി ഇരിക്കുന്ന മേക്കാവിലമ്മ സാക്ഷാല്‍ ദുര്‍ഗ്ഗാഭഗവതിയാണെന്നാണ് സങ്കല്‍പ്പം.
ലക്ഷ്മീഭഗവതിയുടേയും നാരായണ മൂര്‍ത്തിയുടേയും ചൈതന്യങ്ങള്‍ ഇവിടെ സമ്മിളിതമായി അധിവസിക്കുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഭക്തജനങ്ങള്‍ മേക്കാവിലമ്മയെ ""അമ്മേ നാരായണ : ദേവീ നാരായണ'' : എന്ന ് വിളിക്കുന്നത്.
ഇതിനും പുറമെ, എതൃത്തുപൂജ കഴിയുന്നതുവരെ മൂകാംബികയിലെ സരസ്വതീ ദേവി ഇവിടെ കുടികൊള്ളുന്നു എന്നും ജനവിശ്വാസമുണ്ട്. അങ്ങിനെ ദുര്‍ഗ്ഗാ, ലക്ഷ്മി, സരസ്വതി എന്നീ മൂന്നു ദേവിമാരുടെ ചൈതന്യം മേക്കാവിലമ്മയില്‍ നിറഞ്ഞു നില്‍ക്കുന്നു.
മേക്കാവിനു നേരെ കിഴക്കു ഭാഗത്തുള്ള കുളത്തിന്‍റെ കിഴക്കെ കരയിലാണ് കീഴ്ക്കാവിലമ്മയെ പടിഞ്ഞാട്ടു ദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ഭാഗം അല്പം താഴ്ന്നിരിക്കുന്നതിനാല്‍ കീഴ്ക്കാവിലമ്മ എന്ന പേര്‍ സാര്‍ത്ഥകമാണ്.
|