മംഗല്യ പൂജയും ദമ്പതീ പൂജയും കൊണ്ട് പ്രസിദ്ധമയ ക്ഷേത്രമാണ് പാലക്കാട്ട് പുതുശ്ശേരി പഞ്ചായത്തിലെ സൂര്യച്ചിറ ശിവപാര്‍വതി ക്ഷേത്രം. കേരളത്തില്‍ ആകെയുള്ള രണ്ട് ശിവപാര്‍വതീക്ഷേത്രങ്ങളില്‍ ഒന്നാണിത്. മറ്റേത് വൈക്കത്താണ്.
ശുഭകരമായി വിവാഹം നടക്കാനും ദാമ്പത്യം ഗുണകരമായി തീരാനും ഇവിടെ ഉമാമഹേശ്വര പൂജ നടത്തിയാല്‍ മതി. 101 രൂപയാണ് പൂജയ്ക്കുള്ള ചെലവ്. സ്വയംവര പൂജ, ദമ്പതീ പൂജ എന്നീ വഴിപാടുകള്‍ യഥാക്രമം 15 രൂപയ്ക്കും 150 രൂപയ്ക്കും നടത്താം.
പുതുശ്ശേരിയിലെ വടശ്ശേരി മന്നാഡിയാര്‍ കുടുംബത്തിന്‍റെ വകയായുള്ള ഈ ക്ഷേത്രം ഇപ്പോള്‍ മാതാ അമൃതാനന്ദമയി അണ് ഏറ്റെടുത്തു നടത്തുന്നത്.
കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ എന്നപോലെ കോയമ്പത്തൂര്‍, സത്യമംഗലം, പൊള്ളാച്ചി, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഈ ക്ഷേത്രത്തിലെത്തുന്നു.
ജാതക പരിശോധനയില്‍ വിവാഹ സംബന്ധമായ ദോഷങ്ങളോ തടസങ്ങളോ കാണുന്നവര്‍ ഈ ക്ഷേത്രത്തിലെത്തി യുക്തമായ പൂജകള്‍ നടത്തുന്നു. പ്രദോഷ ദിവസം ക്ഷേത്രത്തിലെത്തി ഉപാസന നടത്തിയാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്നാണ് വിശ്വാസം.
ശിവ പാര്‍വതീ ക്ഷേത്രമാണെങ്കിലും ഇവിടെ പാര്‍വതിക്കാണ് പ്രാധാന്യം. പ്രദോഷ ദിവസം ദേവിയെ പ്രീതിപ്പെടുത്താന്‍ മഹാദേവന്‍ സന്ധ്യാസമയത്ത് നൃത്തം ചെയ്ത് സന്തോഷിപ്പിക്കുന്നു, ഇതാണ് പ്രദോഷത്തിന്‍റെ പ്രത്യേകത.
പത്ത് പ്രദോഷ പൂജകള്‍ നടത്തിയാല്‍ പ്രത്യേക ഫലസിദ്ധിയുണ്ടാവുമെന്നും വിശ്വാസമുണ്ട്.
പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ പുതുശ്ശേരി യു.പി സ്കൂള്‍ സ്റ്റോപ്പില്‍ ബസിറങ്ങിയാല്‍ നടന്നു പോകാവുന്ന ദൂരത്താണ് ഈ ക്ഷേത്രം.
|