അദ്വൈത സിദ്ധാന്ത ദര്‍ശനത്തെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്ത് ഇന്ത്യയ്ക്കകത്തും പുറത്തും പ്രഭാഷണങ്ങള്‍ നടത്തിവന്ന ആത്മീയ ആചാര്യനായിരുന്നു സ്വാമി ചിന്മയാനന്ദന്‍. അദ്വൈത തത്വത്തിന്‍റെ പ്രവാചകനായിരുന്നു അദ്ദേഹം. സ്വാമിയുടെ സമാധി ദിനമാണ് ഓഗസ്റ്റ് മൂന്ന്.
1916 മേയ് എട്ടിന് എറണാകുളത്താണ് ജനിച്ച ചിന്മയാനന്ദന്‍റെ യഥാര്‍ത്ഥ പേര് ബാലകൃഷ്ണമേനോന്‍ എന്നാണ്. എറണാകുളത്തായിരുന്നു ആദ്യകാല വിദ്യാഭ്യാസം. ലഖ്നൗവില്‍ നിന്ന് ഉന്നത ബിരുദം നേടിയ ശേഷം മുംബൈയില്‍ പത്രപ്രവര്‍ത്തകനായി.
ബറോഡയില്‍ വച്ച് സ്വാമി ശിവാനന്ദ സരസ്വതിയുമായുണ്ടായ സമ്പര്‍ക്കമാണ് ബാലകൃഷ്ണ മേനോനെ ആദ്ധ്യാത്മിക മാര്‍ഗത്തിലേക്ക് നയിച്ചത്. 26-ാം വയസില്‍ സന്യാസം സ്വീകരിച്ച അദ്ദേഹം പേര് ചിന്മയാനന്ദന്‍ എന്ന് മാറ്റി.
തപോവന സ്വാമികളുടെ ശിഷ്യനായി 10 വര്‍ഷം ഹിമാലയത്തില്‍ തപസനുഷ്ഠിച്ചു. ഭഗവത്ഗീതയെ ഏകാഗ്രമായ പഠന മനനങ്ങള്‍ക്ക് വിഷയമാക്കുകയും ഗീതാ വ്യാഖ്യാതാവെന്ന നിലയില്‍ വിഖ്യാതനാവുകയും ചെയ്തു സ്വാമി ചിന്മയാനന്ദന്‍.
1993 ഓഗസ്റ്റ് മൂന്നിന് സ്വാമി ചിന്മയാനന്ദന്‍ സമാധിയായി. അദ്ദേഹത്തിന്‍റെ ആശയ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി രൂപീകരിച്ച ചിന്മയാ മിഷന് ലോകമെങ്ങും ശാഖകളുണ്ട്. സാന്ദീപനി സാധനാലയം എന്ന ആധ്യാത്മിക പരിശീലന കേന്ദ്രവും തപോവന പ്രസാദം എന്ന മാസികയും ചിന്മയ മിഷന്‍ നടത്തുന്നുണ്ട്.
|