വൈഷ്ണവീശക്തി ദേവീരൂപത്തില്‍ ഏകാദശി തിഥിയായി അവതരിച്ച സുദിനമാണു വൃശ്ഛികമാസത്തിലെ ശുക്ളപക്ഷ ഏകാദശി. അതിനെ ഉല്‍പത്യൈകാദശി എന്നും പറയുന്നു.
സര്‍വ പാപങ്ങള്‍ക്കും മോക്ഷദാതാവായ ഗുരുവായൂരേശന്‍റെ ദിവ്യകൈശോരരൂപം ദര്‍ശിച്ചു പാപമുക്തി നേടാന്‍ ഈ ദിവസം വന്‍ ഭ്ക്തജ-നത്തിരക്കാണ് ഗുരുവായൂരില്‍.
ഭഗവത് പാദങളില്‍ സ്വയം സമര്‍പ്പിച്ച് ഭക്തര്‍ക്ക് മോക്ഷതീരം നേടാനുള്ള ആത്മീയപാത.വ്രത വിശുദ്ധിയുടെ ഏകാദശിനോമ്പ് ഹിന്ദു മത വിശ്വാസികളുടെ പുണ്യാചാരങ്ങളിലൊന്നാണ്.
മാസപ്പിറന്നാളിനേക്കാള്‍ ആണ്ടുപിറനാളിനു പ്രാധാന്യം കൂടുമല്ലോ. അതുപോലെയാണ് ഗുരുവയൂര്‍ ഏകാദശിയുടേയും കാര്യം.മറ്റേകാദശികളെക്കാള്‍ മാഹത്മ്യമുണ്ട് ഗുരുവയൂര്‍ ഏകാദശിക്ക് ഇത് ഇത് ഉല്‍പത്യൈകാദശി കൂടിയാണെന്നതു പ്രധാനമാണ്.
ഗുരുവായൂര്‍ ഏകാദശിക്കു ഒട്ടേറെ സവിശേഷതകളുണ്ട്. ഗോവിന്ദാഭിഷേകം, ഗീതോപദേശം, ശ്രീശങ്കരാചാര്യര്‍ക്കും വില്വമംഗലം സ്വാമിയാര്‍ക്കും വിശ്വരൂപദര്‍ശനം എന്നിവയെല്ലാം അരങ്ങൊരുങ്ങിയതും ഈ ദിനത്തിലാണെന്നാണ് ഒരു വിശ്വാസം.
എന്നാല്‍ ഗീതോപദേശം നടന്നത് വൈകുണ്ഠേകാദശിക്കാണ് എന്നാണ് പ്രബലമായ വിശ്വാസം.
സര്‍വോപരി ഗുരുവും വായുവുംകൂടി പ്രതിഷ്ഠ നടത്തിയ ഗുരുവായൂരപ്പന്‍റെ പ്രഥമ പ്രതിഷ്ഠാദിനം കൂടിയാണ് ഈ സുദിനം.
ഭഗവാന്‍ എങ്ങും നിറഞ്ഞ വസ്തുവാണെങ്കിലും ഗുരുവായൂരില്‍ പ്രത്യേകം മിന്നിത്തിളങ്ങുന്നുണ്ടെന്നു സ്വയം അനുഭവപ്പെട്ട ജഗത്ഗുരു ആദിശങ്കരാചാര്യ സ്വാമികളാണു ഗുരുവായൂരിലെ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയത്.
അതോടൊപ്പംതന്നെ, ഏകാദശി മഹോല്‍സവം കൂടുതല്‍ ഗംഭീരമായി നിര്‍വഹിക്കണമെന്ന് ആഹ്വാനം ചെയ്തു. അതനുസരിച്ച് ഏതാനും ദിവസം മുമ്പു തന്നെ വിളക്ക് ആരംഭിക്കാനും ഏകാദശി ഉദയാസ്തമയ പൂജാദികളോടെ ആഘോഷിക്കാനും തുടങ്ങി.
|