ദേവകുലാന്തകനാകിയ രാവണ- നേവരോടും നമ്മെ വെല്‍വാന്‍ പുറപ്പെട്ടു.” ഇത്ഥം വിഭീഷണന്‍ ചൊന്നതു കേട്ടതി- നുത്തരം രാഘവന്‍താനുമരുള്‍ചെയ്തു: “യുദ്ധേ ദശമൂലനെക്കൊലചെയ്തുടന്‍ ചിത്തകോപം കളഞ്ഞീടുവനിന്നു ഞാന്‍.” എന്നരുളിച്ചെയ്തു നിന്നരുളുന്നേരം വന്ന പടയോടു ചൊന്നാന്‍ ദശാസ്യനും “എല്ലാവരും നാമൊഴിച്ചു പോന്നാലവര്‍ ചെല്ലുമകത്തു കടന്നൊരു ഭാഗമേ പാര്‍ത്തു ശത്രുക്കള്‍ കടന്നുകൊള്ളും മുന്നേ കാത്തുകൊള്‍വിന്‍ നിങ്ങള്‍ ചെന്നു ലങ്കാപുരം. യുദ്ധത്തിനിന്നു ഞാന്‍ പോരുമിവരോടു ശക്തിയില്ലായ്കയുമില്ലിതിന്നേതുമേ.” ഏവം നിയോഗിച്ചനേരം നിശാചര- രേവരും ചെന്നു ലങ്കാപുരം മേവിനാര്‍.
|