അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണന്‍താനു- മഗ്രേ നിന്നുടനുടന്‍ തൊഴുതു വിവശനായ് ഗദ്ഗദാക്ഷരമുരചെയ്‌തിതു ദേവിയുടെ ദുര്‍ഗ്രഹവചനങ്ങള്‍ ബാഷ്പവും തൂകിത്തൂകി. "ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീഘ്രം ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോള്‍ ഇത്തരം നക്തഞ്ചരന്‍തന്‍ വിലാപങ്ങള്‍ കേട്ടു മുദ്ധഗാത്രിയും തവ നാദമെന്നുറയ്ക്കയാല്‍ അത്യര്‍ത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുള്‍ചെയ്‌തു. 1540 'ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ്‌വരാ ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും. രാക്ഷസനുടെ മായാഭാഷിതമിതു നൂനം കാല്‍ക്ഷണം പൊറുക്കെ'ന്നു ഞാന്‍ പലവുരു ചൊന്നേന്‍. എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്‌താ- ളെന്നോടു പലതരമിന്നവയെല്ലാമിപ്പോള്‍ നിന്തിരുമുമ്പില്‍നിന്നു ചൊല്ലുവാന്‍ പണിയെന്നാല്‍ സന്താപത്തോടു ഞാനു കര്‍ണ്ണങ്ങള്‍ പൊത്തിക്കൊണ്ടു ചിന്തിച്ചു ദേവകളെ പ്രാര്‍ത്ഥിച്ചു രക്ഷാര്‍ത്ഥമായ് നിന്തിരുമലരടി വന്ദിപ്പാന്‍ വിടകൊണ്ടേന്‍." 1550 "എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ ശങ്കയുണ്ടായീടാമോ ദുര്‍വചനങ്ങള്‍ കേട്ടാല്‍? യോഷമാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍ ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ? രക്ഷസാം പരിഷകള്‍ കൊണ്ടുപൊയ്ക്കളകയോ ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല." ഇങ്ങനെ നിനച്ചുടജാന്തര്‍ഭാഗത്തിങ്കല്‍ ചെ- ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമന്‍ ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാന്‍ നിഷ്കളനാത്മാരാമന്‍ നിര്‍ഗ്ഗുണനാത്മാനന്ദന്‍. 1560 "ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ! ഹാ! ഹാ! ജാനകീ! ദേവി! ഹാ! ഹാ! മല്‍പ്രാണേശ്വരി! എന്നെ മോഹിപ്പിപ്പതിന്നായ്‌മറഞ്ഞിരിക്കയോ? ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ." ഇത്തരം പറകയും കാനനംതോറും നട- ന്നത്തല്‍പൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ് "വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍. മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ മൃഗലോചനയായ ജനകപുത്രിതന്നേ? 1570 പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം. വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?" ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ. സര്‍വദൃക് സര്‍വേശ്വരന്‍ സര്‍വജ്ഞന്‍ സര്‍വാത്മാവാം സര്‍വകാരണനേകനചലന്‍ പരിപൂര്‍ണ്ണന്‍ നിര്‍മ്മലന്‍ നിരാകാരന്‍ നിരഹംകാരന്‍ നിത്യന്‍ ചിന്മയനഖണ്ഡാനന്ദാത്മകന്‍ ജഗന്മയന്‍. 1580 മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാന്‍ കാര്യമാനുഷന്‍ മൂഢാത്മാക്കളെയൊപ്പിപ്പാനായ്. തത്വജ്ഞന്മാര്‍ക്കു സുഖദുഃഖഭേദങ്ങളൊന്നും ചിത്തേ തോന്നുകയുമില്ല ജ്ഞാനമില്ലായ്കയാല്‍.
|