പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - എട്ടാം ദിവസം

രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥന്‍
ദേവിയോടരുള്‍ചെയ്താനേകാന്തേ, "കാന്തേ! കേള്‍ നീ
രക്ഷോനായകന്‍ നിന്നെക്കൊണ്ടുപോവതിനിപ്പോള്‍
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!
നീയൊരു കാര്യം വേണമതിനു മടിയാതെ
മായാസീതയെപ്പര്‍ണ്ണശാലയില്‍ നിര്‍ത്തീടണം.
വഹ്നിമണ്ഡലത്തിങ്കല്‍ മറഞ്ഞു വസിക്ക നീ
ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം. 1270
ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ-
ദാശ്രയഭൂതേ! സീതേ! ധര്‍മ്മരക്ഷാര്‍ത്ഥം പ്രിയേ!"
രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും
കോമളഗാത്രിയായ മായാസീതയെത്തത്ര
പര്‍ണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കല്‍
ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോള്‍.

മാരീചനിഗ്രഹം

മായാനിര്‍മ്മിതമായ കനകമൃഗം കണ്ടു
മായാസീതയും രാമചന്ദ്രനോടുരചെയ്താള്‍ഃ
"ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം. 1280
പേടിയില്ലിതിനേതുമെത്രയുമടുത്തു വ-
ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.
പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ
മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ!"
മൈഥിലീവാക്യം കേട്ടു രാഘവനരുള്‍ചെയ്‌തു
സോദരന്‍തന്നോടു "നീ കാത്തുകൊളളുകവേണം
സീതയെയവള്‍ക്കൊരു ഭയവുമുണ്ടാകാതെ;
യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും." 1290
എന്നരുള്‍ചെയ്‌തു ധനുര്‍ബാലങ്ങളെടുത്തുടന്‍
ചെന്നിതു മൃഗത്തെക്കയ്ക്കൊളളുവാന്‍ ജഗന്നാഥന്‍.
അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കള-
ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോള്‍ മന്ദംമന്ദം
അടുത്തുവരു,മപ്പോള്‍ പിടിപ്പാന്‍ ഭാവിച്ചീടും,
പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോള്‍.
ഇങ്ങനെതന്നെയൊട്ടു ദൂരത്തായോരുനേര-
മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം
എന്നുറച്ചാശവിട്ടു രാഘവനൊരുശരം
നന്നായിത്തൊടുത്തുടന്‍ വലിച്ചു വിട്ടീടിനാന്‍. 1300
പൊന്മാനുമതു കൊണ്ടു ഭൂമിയില്‍ വീണനേരം
വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാന്‍.
മാരീചന്‍തന്നെയിതു ലക്ഷ്‌മണന്‍ പറഞ്ഞതു
നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു.
ബാണമേറ്റവനിയില്‍ വീണപ്പോള്‍ മാരീചനും
പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപംഃ
"ഹാ! ഹാ! ലക്ഷ്മണ! മമ ഭ്രാതാവേ! സഹോദര!
ഹാ! ഹാ! മേ വിധിബലം പാഹി മാം ദയാനിധേ!"
ആതുരനാദം കേട്ടു ലക്ഷ്‌മണനോടു ചൊന്നാള്‍
സീതയുംഃ "സൗമിത്രേ! നീ ചെല്ലുക വൈകിടാതേ. 1310
1| 2| 3| 4| 5| 6| 7| 8
കൂടുതല്‍
രാമായണപാരായണം - ഏഴാം ദിവസം
രാമായണപാരായണം - ആറാം ദിവസം
രാമായണപാരായണം - അഞ്ചാം ദിവസം
രാമായണ പാരായണം - നാലാം ദിവസം
രാമായണ പാരായണം - മൂന്നാം ദിവസം
ശ്രീരാമ കഥ- രാമായണ കഥ