പ്രധാന താള്‍ > ആത്മീയം > മതം > ക്രിസ്ത്യന്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
തോമാശ്ളീഹ സത്യത്തിന്‍റെ വഴിത്താരയിലെ വിശുദ്ധ കുഞ്ഞാട്
thomas sleha
WDWD
ഗലീലയില്‍ ജനിച്ച തോമസ് ക്രിസ്തുവിന്‍റെ മറ്റ് പല ശിഷ്യരെയും പോലെ മത്സ്യത്തൊഴിലാളിയായി കഴിയവേയാണ്, ക്രിസ്തുവിന്‍റെ അഭൗമമായ സ്വാധീനത്തില്‍ ആകൃഷ്ടനായത്. അദ്ദേഹത്തിന്‍റെ മറ്റൊരു നാമമാണ് ദിദ്യയാമസ് അഥവ ഇരട്ട. യേശുവിന്‍റെ ഇരട്ട മുഖത്തിലൊന്നായിരുന്നു തോമസ് പ്രതിനിധീകരിച്ചതെന്നാണ് വിശ്വാസം.

വിശുദ്ധ തോമാശ്ളീഹ വിശ്വാസത്തിന്‍റെയും, നിരന്തരമായ ചോദ്യം ചെയ്യലിന്‍റെയും മനുഷ്യനിയോഗത്തിന്‍റെ പ്രതീകമാണ്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ തിരുമുറിവുകളില്‍ സ്പര്‍ശിച്ച്, പുനരുത്ഥാനത്തിന്‍റെ സത്യം ചോദ്യം ചെയ്യുന്ന തോമസ്, മനുഷ്യ ജീവിതത്തിലെ അവസാനിക്കാത്ത അന്വേഷണത്തെ പ്രതിനിധീകരിക്കുന്നു.

ലോകമാകുന്ന വയലില്‍ സുവിശേഷത്തിന്‍റെ വിത്തെറിഞ്ഞ് ദൈവനാമത്തെ വാഴ്ത്തുവാന്‍ പുറപ്പെട്ട ക്രിസ്തുവിന്‍റെ അരുമശിഷ്യരില്‍ പ്രധാനിയാണ് തോമാശ്ളീഹ. യറുശലേമില്‍ നിന്ന് യാത്ര പുറപ്പെട്ട യവനന്‍മാര്‍, റോമാക്കാര്‍ തുടങ്ങിയ കച്ചവട സംഘങ്ങള്‍ യാത്ര ചെയ്തിരുന്ന കപ്പലില്‍ക്കയറിയാണ് സുവിശേഷവാര്‍ത്ത പ്രചരിപ്പിക്കാന്‍ അപ്പോസ്തലന്‍മാര്‍ പുറപ്പെട്ടത്.

തോമാശ്ളീഹ ക്രിസ്താബ്ദം അന്പത്തിരണ്ടില്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തെത്തി . ദൈവവചനം പ്രചരിപ്പിക്കുന്നതിനായി അതി തീക്ഷ്ണമായ ദുരിതാനുഭവങ്ങളിലൂടെ യാത്ര ചെയ്ത തോമശ്ളീഹായ്ക്ക് കേരളത്തില്‍ ഹൃദയം നിറഞ്ഞ വരവേല്‍പ്പ് കിട്ടി.

താനെത്തിച്ചേര്‍ന്നയിടങ്ങളിലൊക്കെ പീഡിതരും നിന്ദിതരുമായിരുന്ന ജനസമൂഹത്തോട് ലോകരക്ഷകനെക്കുറിച്ച് സ്നേഹത്തിന്‍റെയും കരുണയുടെയും ഭാഷയില്‍ സംസാരിച്ചു. പാപത്തിന്‍റെ പുതിയ മോചന വഴിയെക്കുറിച്ചറിഞ്ഞ ജനങ്ങള്‍ കൂട്ടമായി, ക്രിസ്തുവിന്‍റെ അനുയായികളായി മാറി.

മാല്യങ്കര, പാലൂര്‍, കൊട്ടക്കായല്‍, ഗോക്കമംഗലം, നിരണം, കരക്കേണിക്കൊല്ലം, നിലയ്ക്കല്‍ എന്നീയിടങ്ങളില്‍ ഏഴ് കുരിശുകള്‍ നാട്ടി പ്രധാന ക്രിസ്തീയ തീര്‍ത്ഥാടന സ്ഥലങ്ങളാക്കി മാറ്റി. അവ പിന്നീട് ഏഴു പ്രധാന ക്രിസ്തീയ ആരാധനാലയങ്ങളായി.

എ.ഡി. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്ലിശ്ശേരി ഇട്ടിത്തൊമ്മന്‍ കത്തനാര്‍ രചിച്ച മാര്‍ഗം കളിപ്പാട്ടിലും, നിരണം മാളിയേക്കല്‍ കുടുംബത്തിലെ തോമ്മാറന്പന്‍ രചിച്ച റന്പാന്‍പാട്ടിലും മാര്‍ത്തോമയുടെ കേരള പര്യടനം സംബന്ധിച്ച ഐതീഹ്യങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.

ഭാരതത്തിലെ തന്‍റെ സുവിശേഷയാത്രാ വിജയത്തിനിടയില്‍, കുന്തം കൊണ്ട് മുറിവേറ്റ് തോമാശ്ളീഹ, വിശ്വാസത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ബലിയായി. ഈ വിശുദ്ധ ജീവതത്തിന്‍റെ അനുസ്മരണമാണ് തോമാശ്ളീഹാദിനമായി ആചരിക്കുന്നത്.
കൂടുതല്‍
പെരുന്നാള്‍ വിശുദ്ധിയില്‍ വെട്ടുകാട്
കന്യാമറിയത്തിന്‍റെ കാഴ്ചവയ്പ് തിരുനാള്‍
പരുമല പെരുന്നാളിന് ആയിരങ്ങള്‍
ദിവ്യ സാന്നിദ്ധ്യമായി തെരേസ്സ പള്ളി
കൂനന്‍ കുരിശുസത്യത്തിന്‍റെ ചരിത്രം
മണര്‍കാട്ടെ ദിവ്യദര്‍ശനം:ആയിരങ്ങള്‍ക്ക് നിര്‍വൃതി